Kozhikode

വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്! നാദാപുരം ഉമ്മത്തൂരിൽ ഓടുന്ന സ്കൂൾ ബസിൽ നിന്ന് വിദ്യാർത്ഥി റോഡിലേക്ക് തെറിച്ചുവീണു, വിദ്യാർത്ഥിക്ക് പരിക്ക്

Please complete the required fields.




നാദാപുരം: നാദാപുരം ഉമ്മത്തൂരിൽ ഓടുന്ന സ്കൂൾ ബസിൽ നിന്നും റോഡിലേക്ക് തെറിച്ചുവീണ് വിദ്യാർത്ഥിക്ക് പരിക്കേറ്റു. താനക്കോട്ടൂർ ഭാഗത്തേക്ക് വിദ്യാർത്ഥികളെ കുത്തിനിറച്ച് കൊണ്ടുപോകുന്നതിനിടെയാണ് ബസിൽ നിന്നും കുട്ടി പുറത്തേക്ക് വീണത്.

താനക്കോട്ടൂർ ഭാഗത്തേക്ക് വിദ്യാർത്ഥികളെ കുത്തിനിറച്ച് അതിവേഗതയിൽ പോകുന്നതിനിടെ ബസിന്റെ ഡോറിന്റെ മുകളിൽ നിന്നാണ് 13 വയസ്സുകാരിയായ പെൺകുട്ടി റോഡിലെ ചളിയിലേക്ക് തെറിച്ചുവീണത്. കുട്ടി ഷൂ ധരിച്ചിരുന്നതിനാലാണ് കാലിന് വലിയ പരിക്കുകൾ ഏൽക്കാതെ രക്ഷപെട്ടതെന്നും, എങ്കിലും ശരീരത്തിൽ ചെറിയ പരിക്കുകളുണ്ടെന്നും നാട്ടുകാർ പറഞ്ഞു.

അപകടത്തിന് പിന്നാലെ കല്ലാച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയ പെൺകുട്ടിക്ക് ഇന്ന് വീണ്ടും ഛർദ്ദി അനുഭവപ്പെട്ടതിനെ തുടർന്ന് വിദഗ്ധ പരിശോധനയ്ക്കായി വൈകുന്നേരത്തോടെ തലശ്ശേരിയിലെ ആശുപത്രിയിലേക്ക് കൊണ്ടുപോകും. ഭാഗ്യം കൊണ്ട് മാത്രമാണ് തങ്ങളുടെ മകൾ ജീവനോടെ ബാക്കിയായതെന്ന് കുട്ടിയുടെ പിതാവ് പ്രതികരിച്ചു.

രണ്ട് ട്രിപ്പുകളിലായി കൊണ്ടുപോകേണ്ട കുട്ടികളെ ഒരൊറ്റ ബസിൽ കുത്തിനിറച്ച് കൊണ്ടുപോകുന്നതിനെതിരെ അപകടത്തിൽപ്പെട്ട കുട്ടിയുടെ മാതാവ് തന്നെ പല തവണ പിടിഎ മീറ്റിംഗിൽ പരാതിപ്പെട്ടിട്ടും സ്കൂൾ അധികൃതർ നടപടിയെടുത്തില്ലെന്നും നാട്ടുകാർ പറഞ്ഞു.

അതേസമയം നാദാപുരം മേഖലയിൽ വിദ്യാർത്ഥികളുടെ സുരക്ഷ ചോദ്യചിഹ്നമാക്കിക്കൊണ്ട് സ്കൂൾ വാഹനങ്ങളിൽ നിന്നുള്ള അപകടങ്ങൾ തുടർച്ചയാവുകയാണ്.ഈ മാസം തന്നെയുണ്ടായ രണ്ടാമത്തെ സമാന സംഭവമാണിതെന്ന് നാട്ടുകാർ ചൂണ്ടിക്കാണിക്കുന്നു.

Related Articles

Back to top button