World

അമ്മയെ കാറിടിപ്പിച്ചു കൊന്ന കേസിന് പിന്നാലെ അച്ഛന്റെ മരണത്തിലും മകൾക്കെതിരെ കൊലപാതക ആരോപണവുമായി ബന്ധുക്കൾ

Please complete the required fields.




ജയ്‌പൂർ: അമ്മയെ വാഹനം ഇടിപ്പിച്ചു കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ ഇരുപത്തിമൂന്നുകാരി ആയുഷി ശർമ്മയ്ക്കെതിരെ ഗുരുതര ആരോപണവുമായി ബന്ധുക്കൾ. 2025 ഏപ്രിലിൽ മരിച്ച ആയുഷിയുടെ പിതാവ് വിജയ് ശർമ്മയുടെ മരണവും കൊലപാതകമാണെന്നും ഇതിന് പിന്നിലും ആയുഷിയാണെന്നുമാണ് അമ്മാവൻ രാകേഷ് ശർമ്മ ആരോപിക്കുന്നത്. ഇക്കാര്യം ഉന്നയിച്ച് അദ്ദേഹം കോടതിയെയും പോലീസിനെയും സമീപിച്ചു.

കഴിഞ്ഞ ജൂലൈ 3-നാണ് ആയുഷിയുടെ അമ്മയും സർക്കാർ ജീവനക്കാരിയുമായ നീരജ് ശർമ്മയെ ജയ്‌പൂരിലെ പ്രതാപ് നഗറിൽ വെച്ച് കാർ ഇടിപ്പിച്ച് കൊലപ്പെടുത്തിയത്. റോഡപകടമെന്ന് വരുത്തിത്തീർക്കാൻ ശ്രമിച്ചെങ്കിലും പോലീസ് അന്വേഷണത്തിൽ കൊലപാതകമെന്ന് തെളിഞ്ഞു.

അമ്മയോടുള്ള പകയും കുടുംബ സ്വത്ത് തർക്കവുമാണ് കൊലപാതകത്തിന് കാരണമെന്ന് എൽഎൽബി വിദ്യാർത്ഥിനിയായ ആയുഷി പോലീസിനോട് സമ്മതിച്ചിരുന്നു. കേസിൽ ആയുഷി ഉൾപ്പെടെ ഏഴുപേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവർക്ക് സഹായം നൽകിയ ബന്ധു ബൽറാം നിലവിൽ ഒളിവിലാണ്.രാജസ്ഥാൻ ഹൈക്കോടതി മുൻ കോർട്ട് മാസ്റ്ററായിരുന്ന പിതാവ് വിജയ് ശർമ്മയുടെ മരണവും ആസൂത്രിതമാണെന്നാണ് പുതിയ പരാതിയിൽ പറയുന്നത്. മസ്തിഷ്കാഘാതം സംഭവിച്ച് ചികിത്സയിലായിരുന്ന പിതാവിന് ആയുഷി കൃത്യമായ ചികിത്സ നൽകിയില്ലെന്ന് രാകേഷ് ശർമ്മ ആരോപിക്കുന്നു.

മികച്ച ചികിത്സ നൽകാമെന്ന് പറഞ്ഞ് അച്ഛനെ മറ്റൊരിടത്തേക്ക് മാറ്റിയ ആയുഷി മൂന്ന് മാസത്തോളം വിവരമൊന്നും നൽകിയില്ല. പിന്നീട് ശരീരത്തിന്റെ 90 ശതമാനവും തകരാറിലായ നിലയിലാണ് അദ്ദേഹത്തെ ആശുപത്രിയിൽ കണ്ടെത്തിയതും തുടർന്ന് മരണപ്പെട്ടതും.
പിതാവിന്റെ മരണശേഷം അദ്ദേഹത്തിന്റെ ജോലി സ്വന്തമാക്കാനും സ്വത്തുക്കൾ തന്റെ പേരിലാക്കാനും ആയുഷി അമ്മയ്ക്കുമേൽ സമ്മർദ്ദം ചെലുത്തിയിരുന്നു. ‘അച്ഛന്റെ ഫീഡിങ് ട്യൂബ് ഊരിമാറ്റി കൊലപ്പെടുത്തിയത് പോലെ അമ്മയെയും കൊല്ലാൻ എളുപ്പമാണ്’ എന്ന് ആയുഷി അമ്മയെ ഭീഷണിപ്പെടുത്തിയിരുന്നതായും അമ്മാവൻ വെളിപ്പെടുത്തി.

ഈ ആരോപണങ്ങളിൽ വിശദമായ അന്വേഷണം ആരംഭിച്ചതായും കേസിൽ കൂടുതൽ വകുപ്പുകൾ ഉൾപ്പെടുത്തുന്നത് പരിശോധിക്കുമെന്നും ഡെപ്യൂട്ടി പോലീസ് കമ്മീഷണർ രഞ്ജിത ശർമ്മ അറിയിച്ചു.

Related Articles

Back to top button