റോഡരികിൽ നിന്നവർക്കിടയിലേക്ക് ബസ് പാഞ്ഞുകയറി, ജീവൻ നഷ്ടമായത് അഞ്ച് പേർക്ക്; കണ്ണൂർ മണ്ടൂരിലെ സ്വകാര്യ ബസ് അപകടക്കേസിൽ ഡ്രൈവർക്ക് കഠിനതടവ്

കണ്ണൂർ: മണ്ടൂരിൽ അഞ്ച് പേരുടെ മരണത്തിനിടയാക്കിയ സ്വകാര്യ ബസ് അപകടക്കേസിൽ ഡ്രൈവർക്ക് അഞ്ച് വർഷം കഠിനതടവ് വിധിച്ച് തലശ്ശേരി അഡീഷണൽ സെഷൻസ് കോടതി.
ഏഴോം സ്വദേശിയായ ഡി. രുധീഷിനെയാണ് കോടതി ശിക്ഷിച്ചത്. തടവുശിക്ഷയ്ക്ക് പുറമെ പ്രതിക്ക് ഒന്നര ലക്ഷം രൂപ പിഴയും കോടതി വിധിച്ചു. ചെറുതാഴത്ത് 2017 നവംബർ 4-നായിരുന്നു അപകടം. പയ്യന്നൂരിൽ നിന്ന് പഴയങ്ങാടിയിലേക്ക് പോവുകയായിരുന്ന അൻവിത എന്ന സ്വകാര്യ ബസിന്റെ ടയർ പഞ്ചറായതിനെ തുടർന്ന് യാത്രക്കാർ മണ്ടൂരിൽ റോഡരികിൽ ഇറങ്ങി നിൽക്കുകയായിരുന്നു.
ഈ സമയം ഇതേ ദിശയിൽ അമിതവേഗതയിൽ വന്ന വിഘ്നേശ്വര എന്ന സ്വകാര്യ ബസ് നിയന്ത്രണം വിട്ട് റോഡരികിൽ നിന്നവർക്കിടയിലേക്ക് പാഞ്ഞുകയറുകയും നിർത്തിയിട്ടിരുന്ന ബസിന് പിന്നിൽ ഇടിക്കുകയുമായിരുന്നു.അപകടത്തിൽ അഞ്ച് പേർ മരണപ്പെടുകയും എട്ടിലധികം പേർക്ക് സാരമായി പരിക്കേൽക്കുകയും ചെയ്തിരുന്നു. ഡ്രൈവറുടെ അശ്രദ്ധയും അമിതവേഗതയുമാണ് ദുരന്തത്തിന് കാരണമായതെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ഇപ്പോൾ കോടതി ശിക്ഷാവിധി.





