മരിച്ചത് വയനാട് സ്വദേശി; താമരശ്ശേരിയിൽ സ്വകാര്യബസും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ച സംഭവം, അപകടം ബൈക്ക് ലോറിയെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ

കോഴിക്കോട്: താമരശ്ശേരി ചെക്ക് പോസ്റ്റിന് സമീപം സ്വകാര്യ ബസ്സും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ച അപകടത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത് .
അപകടത്തിൽ ബൈക്ക് യാത്രികനായ വയനാട് നടവയൽ വെളിയമ്പം കൈതത്തറയിൽ സ്വദേശി അരുൺ സജി (26) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന നടവയൽ കത്തനാർ തോട്ടത്തിൽ മനു പോളിന് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റു.
വെള്ളിയാഴ്ച രാവിലെ 9.45 ഓടെയായിരുന്നു അപകടം. വയനാട് ഭാഗത്തുനിന്നും വരികയായിരുന്ന ബൈക്കിൽ കോഴിക്കോട് ഭാഗത്തുനിന്നും വയനാട്ടിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസ്സ് ഇടിക്കുകയായിരുന്നു. യുവാക്കൾ സഞ്ചരിച്ച ബൈക്ക് മുന്നിലുണ്ടായിരുന്ന ലോറിയെ മറികടക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായതെന്നാണ് ദൃക്സാക്ഷികൾ നൽകുന്ന വിവരം.
ഇടിയുടെ ആഘാതത്തിൽ തെറിച്ചുവീണ ഇരുവർക്കും ഗുരുതരമായി പരിക്കേറ്റിരുന്നു. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും അരുണിന്റെ ജീവൻ രക്ഷിക്കാനായില്ല.
അരുണിന്റെ മൃതദേഹം നിലവിൽ താമരശ്ശേരി താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഗുരുതരമായി പരിക്കേറ്റ മനു പോളിനെ അടിയന്തര ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു .





