ബ്രേക്കിട്ടപ്പോൾ നിയന്ത്രണംവിട്ടു; കൊല്ലത്ത് കെഎസ്ആർടിസി ബസും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം

കൊല്ലം: കനത്ത മഴയിൽ ബ്രേക്കിട്ടതിനെ തുടർന്ന് നിയന്ത്രണംവിട്ട കെഎസ്ആർടിസി സൂപ്പർ ഡീലക്സ് ബസ് സ്കൂട്ടറുമായി കൂട്ടിയിടിച്ച് ഒരാൾക്ക് ദാരുണാന്ത്യം.
ബൈക്ക് യാത്രികനായ കോന്നി സ്വദേശി മുഹമ്മദ് ഇസ്മായിൽ ( 55) ആണ് മരിച്ചത്. കടയ്ക്കാമണ്ണിൽ വച്ചായിരുന്നു നാടിനെ നടുക്കിയ അപകടം. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ബസ് ഡ്രൈവറെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഗുരുവായൂരിൽ നിന്നും പുനലൂരിലേക്ക് വരികയായിരുന്ന സൂപ്പർ ഡീലക്സ് ബസാണ് അപകടത്തിൽപ്പെട്ടത്. കനത്ത മഴ പെയ്യുന്നതിനിടെ പെട്ടെന്ന് ബ്രേക്കിട്ടപ്പോൾ ബസിന്റെ നിയന്ത്രണം പൂർണ്ണമായും നഷ്ടപ്പെടുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം.
റോഡിൽ തെന്നിമാറിയ ബസ് എതിർദിശയിൽ വരികയായിരുന്ന സ്കൂട്ടറിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ശക്തമായ ഇടിയെ തുടർന്ന് സ്കൂട്ടർ പൂർണ്ണമായും തകർന്നു. അപകടസ്ഥലത്തുവെച്ചുതന്നെ കോന്നി സ്വദേശിയായ യാത്രികൻ മരണപ്പെടുകയായിരുന്നു.വിവരമറിഞ്ഞ് പൊലീസും നാട്ടുകാരും ഉടൻതന്നെ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്കായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പരിക്കേറ്റ ബസ് ഡ്രൈവർ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.





