
പാലക്കാട്: സംസ്ഥാന പൊതുമേഖലാ സ്ഥാപനമായ മലബാർ ഡിസ്റ്റിലറീസിന്റെ പുതിയ ബ്രാൻഡി ‘മിന്നൽ മാജിക്’ ഈ ആഴ്ച വിപണിയിലിറക്കാനുള്ള നീക്കങ്ങൾക്ക് തിരിച്ചടി. ബെവറജസ് കോർപ്പറേഷൻ എം.ഡി. എം.ആർ. അജിത്കുമാറിന്റെ അടിയന്തര നിർദേശത്തെ തുടർന്ന് മദ്യത്തിന്റെ ഉത്പാദനം താല്ക്കാലികമായി നിർത്തിവെച്ചു. ഇതോടെ പ്രഖ്യാപിത സമയത്തിനുള്ളിൽ ബ്രാൻഡ് ഉപഭോക്താക്കളിലേക്ക് എത്തിക്കാനുള്ള സാധ്യതകൾ മങ്ങുകയാണ്.
മേയ് അവസാനവാരം ഇത് ബെവ്കോ ഔട്ട്ലെറ്റുകളിൽ എത്തുമെന്നാണ് കമ്പനി അധികൃതർ അറിയിച്ചിരുന്നത്. ട്രയൽ റൺ അടക്കമുള്ളവ പൂർത്തിയാക്കുകയും ചെയ്തു. ഇതിനിടെയാണ് യു.ഡി.എഫ്. സർക്കാർ അധികാരമേറ്റത്. എൽ.ഡി.എഫ്. സർക്കാരിന്റെ അവസാനകാലത്ത് നിയമിച്ച 90 താത്കാലിക സ്ത്രീത്തൊഴിലാളികളുടെ പട്ടിക സംബന്ധിച്ച് വിവാദമുയർന്നിരുന്നു.
നിയമനത്തിനെതിരേ കോൺഗ്രസ് അനുകൂലസംഘടനകൾ രംഗത്തെത്തി. സി.പി.എം. ഭരിക്കുന്ന നല്ലേപ്പിള്ളി പഞ്ചായത്തിലെ കുടുംബശ്രീ എ.ഡി.എസ്. വഴി തയ്യാറാക്കിയ പട്ടികയ്ക്കു പിന്നിൽ സി.പി.എം. നേതാക്കളുടെ ഇടപെടലുണ്ടായെന്ന് ആരോപിച്ചാണ് പ്രതിഷേധമുയർന്നത്. കമ്പനി അധികൃതർക്കും എക്സൈസ് മന്ത്രിക്കും ഇതുസംബന്ധിച്ച പരാതികളെത്തുകയും ചെയ്തു. ഇത്തരം വിവാദങ്ങളാണ് ഉത്പാദനം നിർത്താൻ ഇടയാക്കിയതെന്നും സൂചനയുണ്ട്.
താത്കാലിക തൊഴിലാളികളുടെ പട്ടിക പൂർണമായും കുടുംബശ്രീയാണ് തയ്യാറാക്കിയതെന്നാണ് കമ്പനി അധികൃതരുടെ വാദം. സ്ഥാപനം സ്ഥിതിചെയ്യുന്ന ബ്ലോക്ക് പരിധിയിലുള്ള കുടുംബശ്രീകളിൽനിന്നാവണം നിയമനമെന്ന് തിരുവല്ല ട്രാവൻകൂർ ഷുഗേഴ്സുമായി ബന്ധപ്പെട്ട കേസിൽ ഹൈക്കോടതി മാർഗനിർദേശം നിലവിലുണ്ട്.
ഇതനുസരിച്ച് സർക്കാർ നിർദേശപ്രകാരം ചിറ്റൂർ ബ്ലോക്കിലെ ഏഴ് ഗ്രാമപ്പഞ്ചായത്തുകളിലെ കുടുംബശ്രീ യൂണിറ്റുകളെയാണ് പരിഗണിച്ചത്. 55-ൽ 45 എണ്ണം ദർഘാസിൽ ഒരേ നിരക്ക് നൽകിയതോടെ നറുക്കിട്ടാണ് നല്ലേപ്പിള്ളി എ.ഡി.എസിനെ തിരഞ്ഞെടുത്തത്. ഇവരാണ് തൊഴിലാളികളുടെ പട്ടിക തയ്യാറാക്കിയതെന്നും കമ്പനി അധികൃതർ പറഞ്ഞു. വിഷയത്തിൽ സർക്കാർ അടിയന്തരമായി ഇടപെട്ട് നിയമനത്തിൽ സുതാര്യത ഉറപ്പുവരുത്തണമെന്നാണ് കോൺഗ്രസ് അനുകൂലസംഘടനാ ഭാരവാഹികളുടെ ആവശ്യം.





