സുധാകരന് കൈകൊടുത്ത് പിണറായി; നിയമസഭയിൽ വിരിഞ്ഞത് അപൂർവ്വ സൗഹൃദച്ചിരി, സത്യപ്രതിജ്ഞാ ചടങ്ങുകൾ പൂർത്തിയായി

തിരുവനന്തപുരം: പ്രവേശനോത്സവത്തിന്റെ ആവേശത്തോടെ തുടങ്ങിയ പതിനാറാം കേരള നിയമസഭ സത്യപ്രതിജ്ഞാ ചടങ്ങ് പൂര്‍ത്തിയായതോടെ സഭ നാളേക്ക് പിരിഞ്ഞു.
പതിനാറാം കേരള നിയമസഭയിലെ അംഗങ്ങളുടെ സത്യപ്രതിജ്ഞാ ചടങ്ങുകൾ സഭയ്ക്കുള്ളിൽ സജീവമായി പുരോഗമിക്കുന്നതിനിടെ രാഷ്ട്രീയ കേന്ദ്രങ്ങൾ ആകാംക്ഷയോടെ കാത്തിരുന്ന കൗതുക നിമിഷങ്ങൾക്കും വിവാദങ്ങൾക്കും നിയമസഭാ മന്ദിരം സാക്ഷ്യം വഹിച്ചു.
സിപിഎം പാളയം വിട്ട് യുഡിഎഫ് പിന്തുണയോടെ നിയമസഭയിലെത്തുകയും പ്രോടേം സ്പീക്കാറായി ചുമതലയേൽക്കുകയും ചെയ്ത മുതിർന്ന നേതാവ് ജി. സുധാകരന് മുന്നിൽ മുൻ മുഖ്യമന്ത്രിയും പുതിയ പ്രതിപക്ഷ നേതാവുമായ പിണറായി വിജയൻ എംഎൽഎയായി സത്യപ്രതിജ്ഞ ചെയ്തു.കഴിഞ്ഞ ഏതാനും ദിവസങ്ങളായി സോഷ്യൽ മീഡിയയിലും രാഷ്ട്രീയ വൃത്തങ്ങളിലും ഉയർന്നുകേട്ട ഊഹാപോഹങ്ങൾക്കാണ് ഇതോടെ വിരാമമായത്.
തെരഞ്ഞെടുപ്പ് കാലത്ത് സിപിഎം നേതൃത്വവുമായി കടുത്ത ഭിന്നതയിലായിരുന്ന ജി. സുധാകരനെ അനുനയിപ്പിക്കാൻ പിണറായി വിജയൻ നേരിട്ടെത്തുമെന്ന് വാർത്തകൾ വന്നിരുന്നെങ്കിലും, ആലപ്പുഴയിലെത്തിയിട്ടും സുധാകരനെ കാണാതെ പിണറായി മടങ്ങിയത് വലിയ രാഷ്ട്രീയ ചർച്ചയായിരുന്നു.അതുകൊണ്ടുതന്നെ സുധാകരന് മുന്നിൽ പ്രതിജ്ഞ ചെയ്യാൻ പിണറായി വിജയൻ എത്തുമോ എന്നതായിരുന്നു രാഷ്ട്രീയ കേരളത്തിന്റെ ചോദ്യം. എന്നാൽ ലിസ്റ്റിലെ അക്ഷരമാലാ ക്രമമനുസരിച്ച് 133-ാമനായി വേദിയിലെത്തിയ പിണറായി വിജയൻ സഗൗരവം സത്യപ്രതിജ്ഞ പൂർത്തിയാക്കി.
തുടർന്ന് പ്രോടേം സ്പീക്കർ ജി. സുധാകരന് നിറഞ്ഞ ചിരിയോടെ ഹസ്തദാനംനൽകി പരസ്പരം സൗഹൃദം പങ്കുവെച്ച ശേഷമാണ് പിണറായി വിജയൻ തന്റെ സീറ്റിലേക്ക് മടങ്ങിയത്.സോഷ്യല്‍ മീഡിയയില്‍ മുഖ്യമന്ത്രി സത്യപ്രതിജ്ഞ ചെയ്ത പേരിനെച്ചൊല്ലി ഇപ്പോഴും ചര്‍ച്ചകള്‍ കെട്ടടങ്ങിയിട്ടില്ല. വടശ്ശേരി ദാമോദരമേനോന്‍ സതീശന് എന്ന പേരുപറഞ്ഞാണ് മുഖ്യമന്ത്രി ഇന്നും സത്യപ്രതിജ്ഞ ചെയ്തത്. ഇടത് അംഗങ്ങള്‍ ഭൂരിഭാഗവും സഗൗരവമാണ് സത്യപ്രതിജ്ഞ ചെയ്തത്.
വി ടി ബെല്റാമിനെപ്പോലെ യുഡിഎഫിലെ ചുരുക്കം എംഎല്‍എമാരാണ് സഗൗരവം സത്യപ്രതിജ്ഞ ചെയ്തത്. മുരളീധരന്റെ ഇംഗ്ലീഷ് സത്യപ്രതിജ്ഞയ്ക്ക് സോഷ്യല്‍ മീഡിയയില്‍ വലിയ കൈയടി ലഭിച്ചിരുന്നു. ഇന്നും ഇംഗ്ലീഷില്‍ തന്നെയാണ് അദ്ദേഹം സത്യപ്രതിജ്ഞ ചെയ്തത്.
ഭരണഘടന ഉയര്‍ത്തിപ്പിടിച്ച് ഇംഗ്ലീഷിലായിരുന്നു സന്ദീപ് വാര്യരുടെ സത്യപ്രതിജ്ഞ. ജയ് സംവിധാന്‍, ജയ് ഹിന്ദ് എന്ന് പറഞ്ഞുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ സത്യപ്രതിജ്ഞ.
ലക്ഷക്കണക്കിന് രൂപ പ്രചാരണത്തിന് പൊടിക്കാതെ ഒരു ചെറിയ സൈക്കിളില്‍ കറങ്ങിയാണ് ചാണ്ടി ഉമ്മന്‍ വമ്പന്‍ ഭൂരിപക്ഷം നേടിയിരുന്നത്.ചാണ്ടി ഉമ്മന്റെ സത്യപ്രതിജ്ഞയ്ക്കുള്ള വരവും സൈക്കിളില്‍ തന്നെയായി എ്നനത് കൗതുകക്കാഴ്ചയായി. ഉമ്മന്‍ ചാണ്ടിയുടെ ചിത്രമുള്ള ടീ ഷര്‍ട്ട് ധരിച്ചാണ് ചാണ്ടി സത്യപ്രതിജ്ഞ ചെയ്തത്. അത് ഹൃദയസ്പര്‍ശിയായ കാഴ്ചയായി.





