രാവിലെ മുറ്റത്തേക്കിറങ്ങിയ ഗൃഹനാഥൻ ഞെട്ടി; കാറിന്റെ ബോണറ്റിന് മുകളിൽ കൂറ്റൻ പെരുമ്പാമ്പ്

കോന്നി: പുലർച്ചെ വീട്ടുമുറ്റത്തേക്ക് ഇറങ്ങിയ ഗൃഹനാഥൻ കണ്ടത് കാറിന്റെ ബോണറ്റിന് മുകളിൽ ചുരുണ്ടുകൂടി കിടക്കുന്ന കൂറ്റൻ പെരുമ്പാമ്പിനെ. കോന്നി മുതുപേഴുങ്കൽ കല്ലുംപുറത്ത് ശമുവേലുകുട്ടിയുടെ വീട്ടിലാണ് ഈ ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്. വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന കാറിന്റെ മുകളിലായിരുന്നു പാമ്പ് നിലയുറപ്പിച്ചിരുന്നത്.
പുലർച്ചെ പുറത്തിറങ്ങിയ ശമുവേലുകുട്ടി ബോണറ്റിൽ പാമ്പിനെ കണ്ടയുടൻ തന്നെ വനംവകുപ്പിന്റെ റാപ്പിഡ് റെസ്പോൺസ് ടീമിനെ (RRT) വിവരമറിയിച്ചു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ കോന്നി ആർആർടി സംഘം ഏറെ പ്രയത്നപ്പെട്ടാണ് പാമ്പിനെ സുരക്ഷിതമായി പിടികൂടിയത്. പിടികൂടിയ പെരുമ്പാമ്പിനെ പിന്നീട് ഉൾവനത്തിലേക്ക് തുറന്നുവിട്ടു.
കോന്നിയിലും പരിസര പ്രദേശങ്ങളിലും പെരുമ്പാമ്പിന്റെ ശല്യം രൂക്ഷമാകുകയാണെന്ന് നാട്ടുകാർ പറയുന്നു. രണ്ട് ദിവസം മുൻപും സമാനമായ രീതിയിൽ ഈ പ്രദേശത്ത് നിന്നും പെരുമ്പാമ്പിനെ പിടികൂടിയിരുന്നു. ശമുവേലുകുട്ടിയുടെ വീടിന് സമീപത്തുള്ള സാബു തോട്ടാലിന്റെ വീട്ടിൽ നിന്നായിരുന്നു അന്ന് പാമ്പിനെ പിടികൂടിയത്.വനമേഖലയോട് ചേർന്നു കിടക്കുന്ന പ്രദേശമായതിനാൽ കാട്ടിൽ നിന്നും ജനവാസ മേഖലയിലേക്ക് തുടർച്ചയായി പാമ്പുകൾ ഇറങ്ങുന്നത് നാട്ടുകാരെ വലിയ രീതിയിൽ ആശങ്കയിലാക്കുന്നുണ്ട്.





