എൽപിജി ഏജൻസി മാറിയാലും പ്രശ്‍നമില്ല! ഉപഭോക്താക്കളുടെ സൗകര്യമാണ് മുഖ്യം; എണ്ണക്കമ്പനികൾക്ക് ഒപ്പം ഹൈക്കോടതി

കൊച്ചി: പാചകവാതക (LPG) ഉപഭോക്താക്കളെ ഒരു വിതരണ ഏജൻസിയിൽ നിന്ന് മറ്റൊന്നിലേക്ക് മാറ്റാൻ എണ്ണക്കമ്പനികൾക്ക് പൂർണ്ണ അധികാരമുണ്ടെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഉപഭോക്താക്കൾക്ക് തടസ്സമില്ലാതെ പാചകവാതകം ലഭ്യമാക്കുക എന്നതാണ് ഏറ്റവും പ്രധാനമെന്നും കോടതി നിരീക്ഷിച്ചു.
എൽപിജി വിതരണക്കാർ എണ്ണക്കമ്പനികളുടെ ഏജന്റുമാർ മാത്രമാണെന്നും വിതരണ സംവിധാനം കൂടുതൽ കാര്യക്ഷമമാക്കാൻ കമ്പനികൾക്ക് നയപരമായ തീരുമാനങ്ങൾ എടുക്കാമെന്നും ജസ്റ്റിസ് എം.എ. അബ്ദുൾ ഹക്കിം വ്യക്തമാക്കി. എണ്ണക്കമ്പനികളുടെ ഈ പുതിയ നയത്തെ ചോദ്യം ചെയ്ത് ഓൾ ഇന്ത്യ എൽപിജി ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷൻ (കേരള സർക്കിൾ) സമർപ്പിച്ച ഹർജികൾ ഹൈക്കോടതി സിംഗിൾ ബെഞ്ച് തള്ളി.
ഒരു ഏജൻസിക്ക് കീഴിൽ സിലിണ്ടർ റീഫില്ലിങ്ങിന് കൃത്യമായ പരിധി നിശ്ചയിക്കുക. ഈ പരിധിയിൽ കൂടുതൽ വരുന്ന ഉപഭോക്താക്കളെ തൊട്ടടുത്തുള്ള മറ്റ് ഏജൻസികളിലേക്ക് പുനർവിന്യസിക്കുക.പുതിയ നയം തങ്ങളുടെ ബിസിനസ്സ് ലാഭത്തെ ബാധിക്കുമെന്നായിരുന്നു വിതരണക്കാരുടെ പ്രധാന വാദം. എന്നാൽ, വിതരണക്കാരുടെ സാമ്പത്തിക താല്പര്യങ്ങളേക്കാൾ കൂടുതൽ മുൻഗണന നൽകേണ്ടത് ഉപഭോക്താക്കളുടെ സൗകര്യത്തിനും ഗ്യാസ് വിതരണത്തിന്റെ കൃത്യതയ്ക്കുമാണെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി.





