World

കാൽനടയാത്രക്കാർക്ക് നേരെ കാർ ഓടിച്ചു കയറ്റിയ സംഭവം; മലയാളി യുവാവ് കോടതിയിൽ കുറ്റസമ്മതം നടത്തി, നടുക്കം മാറാതെ പ്രവാസികൾ

Please complete the required fields.




ഡെർബി: ബ്രിട്ടനിലെ ഡെർബിയിൽ നടപ്പാതയിലൂടെ പോയിരുന്നവർക്കു നേരെ കാർ ഓടിച്ചു കയറ്റി ഏഴു പേർക്ക് പരിക്കേൽപ്പിച്ച സംഭവത്തിൽ മലയാളി യുവാവ് കോടതിയിൽ. അൽവാസ്റ്റണിൽ താമസിക്കുന്ന 36 വയസ്സുകാരനായ സന്ധു പൊന്നച്ചനെയാണ് ഡെർബി മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയത്.

വധശ്രമം, അപകടകരമായ രീതിയിൽ വാഹനമോടിക്കൽ, മാരകായുധം കൈവശം വെക്കൽ തുടങ്ങി ഗുരുതരമായ വകുപ്പുകളാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്. കോടതിയിൽ തന്റെ വ്യക്തിവിവരങ്ങൾ മാത്രം വിശദമാക്കിയ സന്ധു, അപകടസമയത്ത് കാർ ഓടിച്ചിരുന്നത് താനാണെന്ന് സമ്മതിച്ചെങ്കിലും മറ്റ് കാര്യങ്ങളെക്കുറിച്ച് കൂടുതൽ വെളിപ്പെടുത്തലുകൾ നടത്തിയില്ല.
കഴിഞ്ഞ ശനിയാഴ്ച രാത്രി ഫ്രിറാർ ഗേറ്റിലെ പബ്ബിന് പുറത്തായിരുന്നു നാടിനെ നടുക്കിയ ഈ സംഭവം നടന്നത്. സന്ധു ഓടിച്ചിരുന്ന കറുത്ത സ്വിഫ്റ്റ് കാർ കാൽനടയാത്രക്കാരായ നാല് പുരുഷന്മാരെയും മൂന്ന് സ്ത്രീകളെയും ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.

പരിക്കേറ്റവർ നിലവിൽ അപകടനില തരണം ചെയ്തിട്ടുണ്ടെന്നും ഇതിൽ മൂന്ന് പേർ ആശുപത്രി വിട്ടതായും പോലീസ് അറിയിച്ചു. സംഭവത്തിന് പിന്നിൽ ഭീകരവാദ ബന്ധങ്ങളില്ലെന്ന് വ്യക്തമാക്കിയ ഡെർബിഷെയർ പോലീസ്, കൃത്യം നടന്ന് മിനിറ്റുകൾക്കുള്ളിൽ തന്നെ പ്രതിയെ പിടികൂടിയിരുന്നു.ആശ്രിത വിസയിൽ ബ്രിട്ടനിലെത്തിയ സന്ധു പൊന്നച്ചൻ വിവാഹമോചനത്തിന് ശേഷം ഒറ്റയ്ക്കായിരുന്നു താമസമെന്നാണ് വിവരം. ഏപ്രിൽ 29-ന് കേസ് ഡെർബി ക്രൗൺ കോടതി വീണ്ടും പരിഗണിക്കുന്നത് വരെ പ്രതിയെ റിമാൻഡ് ചെയ്തു.

Related Articles

Back to top button