ആമസോണിൽ നിന്നും ലക്ഷങ്ങളുടെ ഫോണുകൾ വാങ്ങി കേടാണെന്ന് റിപ്പോർട്ടു ചെയ്യും. ജീവനക്കാർക്ക് തിരികെ നല്കുന്നത് മറ്റൊരു ഫോൺ; യുവാവ് അറസ്റ്റിൽ

കൊച്ചി: ഓൺലൈൻ പർച്ചേസിന്‍റെ പേരിൽ ആമസോണിനെ കബളിപ്പിച്ച യുവാവ് അറസ്റ്റിലായി. തിരുമാറാടി മണ്ണത്തൂർ ഭാഗത്ത് തറെ കുടിയിൽ വീട്ടിൽ എമിൽ ജോർജ് സന്തോഷ് (23) ആണ് അറസ്റ്റിലായത്. യുവാവ് ആമസോണിൽ നിന്ന് വില കൂടിയ മൊബൈൽ ഫോണുകൾ വാങ്ങും. പിന്നീട് ഫോൺ കേടാണെന്ന് റിപ്പോർട്ട് ചെയ്യും. ഫോൺ തിരികെ വാങ്ങാനെത്തുന്ന ജീവനക്കാർക്ക് മറ്റൊരു മൊബൈൽ ഫോൺ നല്കും. ഇങ്ങനെ നിരവധി തവണയാണ് യുവാവ് ആമസോണിനെ കബളിപ്പിച്ചിരുന്നത്. ഇയാൾ ലക്ഷങ്ങൾ വിലയുള്ള മൊബൈൽ ഫോണുകളാണ് ആമസോണിൽ നിന്നും ഓർഡർ ചെയ്ത് വാങ്ങിയിരുന്നത്.
ഓരോ ഇടപാടുകളിൽ നിന്നും ലക്ഷങ്ങളുടെ ലാഭമാണ് ഇയാൾക്ക് ലഭിച്ചിരുന്നത്. അതിനിടെ കബളിപ്പിക്കൽ പോലീസ് തിരിച്ചറിഞ്ഞു എന്ന് മനസ്സിലായപ്പോൾ യുവാവ് രക്ഷപ്പെടാനുള്ള ശ്രമം നടത്തി. കൊടൈക്കനാലിലേക്ക് രക്ഷപ്പെടാനാണ് ഇയാൾ ശ്രമിച്ചത്. പോലീസ് പിന്തുടർന്നുവെങ്കിലും ഇയാൾ അവിടെ നിന്നും രക്ഷപെട്ട് മണ്ണത്തൂരിലേക്ക് മുങ്ങി. പോലീസ് അന്വേഷണത്തിൽ പ്രതി മണ്ണത്തൂരിൽ ഉണ്ടെന്ന് മനസ്സിലായി. തുടർന്ന് പോലീസ് ഇയാളെ അവിടെയെത്തി കണ്ടു പിടിക്കുകയായിരുന്നു.