കൊച്ചി: അടുത്തിടെ ഇറങ്ങിയ ആർ.ഡി.എക്സ് സിനിമയിൽ നിന്ന് പ്രചോദനമുൾക്കൊണ്ട് നഞ്ചക്ക് ഉൾപ്പടെ മാരകായുധങ്ങളുമായി തമിഴ്നാട് സ്വദേശിയെ ആക്രമിച്ച 12 അംഗ സംഘം അറസ്റ്റിൽ. തമ്മനം-കതൃക്കടവ് റോഡിൽ ഹോട്ടൽ അൽ റീമിനു മുന്നിൽ ഞായറാഴ്ചയാണ് സംഭവം. ഗുരുതര പരിക്കോടെ ആക്രമിക്കപ്പെട്ടയാൾ ചികിത്സയിലാണ്.
കായംകുളം സ്വദേശികളായ ടി.ആർ അഭിറാം (25), ടി.ആർ. അഭിഷേക് (21), കെ. മനു (27), ലക്കിടി സ്വദേശികളായ ഇ.പി ധീരജ് (23), മുഹമ്മദ് ഷെരീഫ് (24), എ.വി. അബ്ദുൽ അനസ് (23), ഇടുക്കി ഇരട്ടയാറിലെ ജീവൻ ജോസ് (31), മുളവൂർ സ്വദേശി കെ.യു. ശരത് (22), കതൃക്കടവ് സ്വദേശികളായ വി.എം. ഹരി (29), അഖിൽ ഗോപി (24), കൊടുങ്ങല്ലൂർ സ്വദേശി അജയ് ദേവ് (24), എറണാകുളം സ്വദേശി ജി.എസ്. അജിത് (28) എന്നിവരാണ് എറണാകുളം നോർത്ത് പൊലീസ് പിടിയിലായത്.
തമിഴ്നാട് സ്വദേശി അറുമുഖവും പ്രതികളുടെ സംഘവുമായി വാക്ക്തർക്കമുണ്ടായിരുന്നു. തുടർന്ന് അറുമുഖവും കൂട്ടുകാരും താമസസ്ഥലത്തേക്ക് പോകുന്നതിനിടെ വാഹനങ്ങളിൽ പിന്തുടർന്ന് സംഘം വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു.
നഞ്ചക്കുകൊണ്ടുള്ള അടിയേറ്റ് പല്ലുകൾ ഇളകുകയും തലയിൽ ഗുരുതര മുറിവേൽക്കുകയും ചെയ്തിട്ടുണ്ട്. സിനിമയിൽനിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് നഞ്ചക്കുകൊണ്ട് ആക്രമിച്ചതെന്ന് പ്രധാന പ്രതി അഭിറാം ചോദ്യംചെയ്യലിൽ സമ്മതിച്ചു.
ആക്രമണശേഷം പ്രതികൾ രക്ഷപ്പെടുകയും ഫോണുകൾ സ്വിച്ച് ഓഫാക്കുകയും ചെയ്തു. പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതികൾ കീഴടങ്ങിയത്. നരഹത്യാശ്രമം ഉൾപ്പെടെ വകുപ്പുകൾ ചേർത്താണ് പ്രതികൾക്കെതിരെ കേസെടുത്തത്. പ്രതികളെ റിമാൻഡ് ചെയ്തു.