
തിരുവനന്തപുരം : മുതലപ്പൊഴിയിൽ വീണ്ടും മത്സ്യബന്ധന വള്ളം അപകടത്തിൽപ്പെട്ടു. മത്സ്യ ബന്ധനം കഴിഞ്ഞു വന്ന വള്ളം അഴിമുഖത്ത് രൂപപ്പെട്ട മണൽതിട്ടയിൽ ഇടിച്ച് നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടകാരണം . പുതുക്കുറിച്ചി സ്വദേശി അനിലിൻ്റെ ഉടമസ്ഥതയിലുള്ള നജാത്ത് എന്ന വള്ളമാണ് അപകടത്തിൽപെട്ടത്.
വള്ളത്തിൽ 26 മത്സ്യത്തൊഴിലാളികൾ ഉണ്ടായിരുന്നു. ആർക്കും പരിക്കില്ലെങ്കിലും വള്ളത്തിന് കേടുപാടുകൾ സംഭവിച്ചു. മത്സ്യതൊഴിലാളികളുടെ സുരക്ഷയ്ക്കായി നിയോഗിച്ചിട്ടുള്ള മറൈൻ എൻഫോഴ്സ്മെൻറിൻ്റെ ബോട്ടും ഇന്നലെ അപകടത്തിൽപ്പെട്ടിരുന്നു .
അദാനി ഗ്രൂപ് നടത്തി വന്ന ഡ്രജിംഗ് അടക്കമുള്ള പ്രവർത്തികൾ മൂന്നാഴ്ച്ചയിലേറെയായി മുടങ്ങിയെന്ന് മത്സ്യതൊഴിലാളികൾ പരാതിപ്പെടുന്നു. അഴിമുഖത്തെ മണൽ നീക്കി ആഴം വർധിപ്പിച്ചില്ലെങ്കിൽ ഇനിയും അപകടങ്ങൾ ഉണ്ടാകുമെന്ന് അവർ പറഞ്ഞു.





