
ആലപ്പുഴ: ജില്ലയിൽ എച്ച്1 എൻ1 പനി ബാധിച്ച് രണ്ടുമരണം. ഈമാസം ഇതുവരെ 17 കേസ് റിപ്പോർട്ട് ചെയ്തു. പനി ബാധിതരുടെ എണ്ണം ഉയർന്നതോടെ ആരോഗ്യവകുപ്പ് പുറത്തുവിട്ട കണക്കിലാണ് ഈ വിവരം. മറ്റ് അസുഖം ബാധിച്ച് രണ്ടാഴ്ചയായി ചികിത്സയിലിരിക്കെയാണ് ഇവരുടെ മരണമെന്നാണ് അധികൃതരുടെ വിശദീകരണം.
പേരുവിവരങ്ങൾ വ്യക്തമാക്കിയിട്ടില്ല. സാധാരണ പനിയുടെ ലക്ഷണങ്ങളാണെങ്കിലും വായുവിലൂടെ പകരുന്നതിനാൽ ആശങ്കയുണ്ട്. ഇക്കാര്യത്തിൽ ആരോഗ്യവകുപ്പിന് ഗുരുതര വീഴ്ചയുള്ളതായി പരാതിയുണ്ട്. ഈമാസം തുടക്കം മുതൽ എച്ച്1, എൻ1 കേസുകൾ റിപ്പോർട്ട് ചെയ്തിട്ടും വിവരം പുറത്തുവിട്ടിരുന്നില്ല.
ചികിത്സയിലിരിക്കെ രണ്ടുപേർ മരണത്തിന് കീഴടങ്ങിയിട്ടും അക്കാര്യം പുറത്തുവിടുകയോ ജാഗ്രതനിർദേശം നൽകുകയോ ചെയ്തിട്ടില്ല. രോഗബാധിതരുടെ പ്രദേശങ്ങളിലുള്ളവരിൽ നിന്നുപോലും ഇക്കാര്യം മറച്ചുവെച്ചത് ഗുരുതര വീഴ്ചയാണെന്നാണ് ആരോപണം. മഴ തുടങ്ങിയതോടെ ജില്ലയില്‍ പനിബാധിതരുടെ എണ്ണം ഓരോദിവസവും കൂടുകയാണ്. അണുബാധയേറ്റാണ് രണ്ടു മരണവും.





