
മാഹി: മണ്ടോള, ശ്രീകൃഷ്ണ ക്ഷേത്ര പരിസരങ്ങളിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ എട്ട് പേർക്ക് തെരുവ് നായ്ക്കളുടെ ആക്രമണത്തിൽ പരിക്കേറ്റു. അഞ്ച് പേർ മാഹി ആശുപത്രിയിലും മൂന്ന് പേർ തലശ്ശേരി ആശുപത്രിയിലും ചികിത്സ തേടി. ഒരു വിദ്യാർഥിക്കും ഒരു സ്ത്രീക്കും ആക്രമണത്തിൽ പരിക്ക് പറ്റിയിട്ടുണ്ട്.
വ്യാഴാഴ്ച വൈകീട്ടാണ് നായുടെ കടിയേറ്റത്. നായ്ക്കൾ കൂട്ടം ചേർന്നാണ് ആക്രമണം നടത്തിയത്. മണ്ടോള ഭാഗത്ത് തെരുവ് നായ് ശല്യം രൂക്ഷമാണ്. പി.കെ. രാമൻ മെമ്മോറിയൽസ്കൂൾ, പാറക്കൽ എൽ.പി സ്കൂൾ എന്നിവിടങ്ങളിലെ വിദ്യാർഥികൾ ഭീതിയോടെയാണ് സ്കൂളിലേക്ക് പോവുന്നത്.
വ്യാഴാഴ്ച രാവിലെ പൂഴിത്തലയിൽ അഴിയൂർ കക്കടവ് സ്വദേശിക്കും നായുടെ കടിയേറ്റിരുന്നു. അധികൃതർ എത്രയും പെട്ടെന്ന് നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.





