Ernakulam

ഇടപ്പള്ളി പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ നവജാതശിശുവിന് വാക്സിൻ മാറിനൽകിയതായി പരാതി

Please complete the required fields.




കൊച്ചി: ഇടപ്പള്ളി പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ നവജാതശിശുവിന് വാക്സിൻ മാറിനൽകിയതായി പരാതി. എട്ട് ദിവസം പ്രായമുള്ള കുഞ്ഞിന് നൽകേണ്ട വാക്സിന് പകരം 45 ദിവസം പ്രായമായ കുഞ്ഞിനുള്ള വാക്സിനാണ് നൽകിയത്. കഴിഞ്ഞ ബുധനാഴ്ച പാലാരിവട്ടം സ്വദേശികളായ ദമ്പതികളുടെ കുഞ്ഞിന് വാക്സിൻ നൽകിയതിലാണ് വീഴ്ചയുണ്ടായത്.

സംഭവം അറിഞ്ഞതോടെ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടർ കുഞ്ഞിനെ എറണാകുളം ജനറൽ ആശുപത്രിയിലേക്ക് അടിയന്തരമായി മാറ്റി. തുടർന്ന് ആശുപത്രിയിൽ നിരീക്ഷണത്തിലാക്കി. ആശുപത്രി വിട്ട് ഇപ്പോൾ വീട്ടിലാണ് കുഞ്ഞുള്ളത്. വാക്സിൻ നൽകിയതിന് ശേഷം നഴ്സിങ് സ്റ്റാഫ് അത് ഇമ്യൂണൈസേഷൻ ടേബിളിൽ രേഖപ്പെടുത്തിയപ്പോഴാണ് പിഴവ് കുട്ടിയുടെ ബന്ധുക്കളുടെ ശ്രദ്ധയിൽപെട്ടത്.

എട്ട് ദിവസത്തേതിന് പകരം 45 ദിവസത്തിന്‍റെ കോളത്തിലാണ് രേഖപ്പെടുത്തിയതെന്ന് മനസ്സിലാക്കി കുഞ്ഞിന്‍റെ ബന്ധുക്കൾ ആശുപത്രി അധികൃതരോട് വിവരം ആരാഞ്ഞു. അപ്പോഴാണ് അധികൃതർ വീഴ്ച തിരിച്ചറിഞ്ഞത്. ഉടൻ ഡോക്ടറും മറ്റ് ജീവനക്കാരും ആശുപത്രി ട്രാൻസ്ഫർ രേഖകൾ തയാറാക്കി കുട്ടിയെ എറണാകുളം ജനറൽ ആശുപത്രിയിലേക്ക് മാറ്റി. പ്രാഥമികാരോഗ്യ കേന്ദ്രത്തിലുണ്ടായ വീഴ്ചയിൽ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടിയെടുക്കണമെന്ന്​ ആവശ്യപ്പെട്ട് മാതാപിതാക്കൾ ആരോഗ്യ മന്ത്രിക്കും ജില്ല കലക്ടർക്കും പരാതി നൽകി.

എളമക്കര പൊലീസ് സംഭവത്തിൽ കേസെടുത്തു. വാക്സിൻ മാറിയതുമൂലം പാർശ്വഫലങ്ങളുണ്ടാകുമോയെന്നും ഭാവിയിൽ ആരോഗ്യബുദ്ധിമുണ്ടാകുമോ എന്നുമൊക്കെയുള്ള ആശങ്കയിലാണ് മാതാപിതാക്കൾ.പരാതിയിൽ അന്വേഷിച്ച് നടപടി സ്വീകരിക്കാൻ ആരോഗ്യ മന്ത്രി വീണ ജോർജ്​ ആരോഗ്യ വകുപ്പ് ഡയറക്ടർക്ക്​ നിർദേശം നൽകി. കുഞ്ഞിന്‍റെ തുടർന്നുള്ള ആരോഗ്യ പരിചരണവുമായി ബന്ധപ്പെട്ടോ തുടർ വാക്സിനേഷനുകളെക്കുറിച്ചോ ഒരുതരത്തിലുമുള്ള വിവരവും ആരോഗ്യ വകുപ്പിൽനിന്ന് തങ്ങൾക്ക് ലഭിച്ചിട്ടില്ലെന്ന് ബന്ധുക്കൾ പറഞ്ഞു.

Related Articles

Leave a Reply

Back to top button