
ചക്കിട്ടപാറ : പഞ്ചായത്തിലെ മുതുകാട് പ്രദേശത്ത്‍ കഴിഞ്ഞ ഒരു മാസത്തിനിടയിൽ 2 തവണ ആയുധധാരികളായ മാവോയിസ്റ്റുകൾ ജനവാസ മേഖലയിൽ ഇറങ്ങി ഭീഷണി ഉയർത്തുകയും പോസ്റ്ററുകൾ പ്രചരിപ്പിക്കുകയും ചെയ്ത സാഹചര്യത്തിൽ പൊലീസ് പരിശോധന കർശനമാക്കി. 7ന് പേരാമ്പ്ര എസ്റ്റേറ്റ് ഓഫിസ് പരിസരത്താണ് അഞ്ചംഗ സംഘം എത്തിയത്.
ആധുനിക ആയുധങ്ങളുമായി എത്തിയ സംഘം പയ്യാനിക്കോട്ട ഇരുമ്പയിര് ഖനനത്തിന് എതിരെയാണ് പ്രചാരണം നടത്തിയത്. പെരുവണ്ണാമൂഴി പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള എസ്റ്റേറ്റ് മേഖലയിൽ തിരച്ചിലിനായി പ്രത്യേക പൊലീസ് സേനയെയും, തണ്ടർബോൾട്ട് സംഘത്തെയും നിയോഗിച്ചിട്ടുണ്ട്.
റൂറൽ ജില്ലാ പൊലീസ് മേധാവി എ.ശ്രീനിവാസിന്റെ നിർദേശപ്രകാരമാണ് പരിശോധന. പേരാമ്പ്ര ഡിവൈഎസ്പി ജയൻ ഡൊമിനിക്കാണു കേസ് അന്വേഷിക്കുന്നത്. എസ്റ്റേറ്റിലെ വിവിധ പ്രദേശങ്ങൾ കേന്ദ്രീകരിച്ച് വിവിധ സ്ക്വാഡുകളായാണു പരിശോധന നടക്കുന്നത്. മാവോയിസ്റ്റ് സംഘം നിരന്തരം ഭീഷണി ഉയർത്തുന്ന ചക്കിട്ടപാറ പഞ്ചായത്ത് പ്രസിഡന്റ് കെ.സുനിലിനു തണ്ടർബോൾട്ട് പ്രത്യേക സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്.