
ലണ്ടൻ: ഇംഗ്ലീഷ് ക്ലബ്ബ് മാഞ്ചസ്റ്റർ സിറ്റിയിലെ തന്റെ ഭാവിയെക്കുറിച്ചുള്ള ഏത് തീരുമാനവും ലോകകപ്പിന് ശേഷം മാത്രമേ ഉണ്ടാകൂവെന്ന് സ്പെയിൻ മധ്യനിര താരം റോഡ്രി വ്യക്തമാക്കി. നിലവിൽ വടക്കേ അമേരിക്കയിൽ നടക്കാനിരിക്കുന്ന ലോകകപ്പിൽ സ്പെയിൻ ടീമിനെ നയിക്കുന്നതിലാണ് തന്റെ പൂർണ്ണ ശ്രദ്ധയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
2024-ലെ ബാലൺ ഡി ഓർ ജേതാവായ റോഡ്രിയുടെ മാഞ്ചസ്റ്റർ സിറ്റിയുമായുള്ള കരാർ അവസാന വർഷത്തിലേക്ക് കടക്കുകയാണ്. ഇതിനിടയിലാണ് താരം സ്പാനിഷ് ക്ലബ്ബായ റയൽ മാഡ്രിഡിലേക്ക് ചേക്കേറുമെന്ന തരത്തിലുള്ള അഭ്യൂഹങ്ങൾ ശക്തമായത്. എന്നാൽ തന്റെ കരാറിനെക്കുറിച്ച് പുറത്തുവരുന്ന വാർത്തകൾ സ്വാഭാവികമാണെന്നും അത് തന്റെ ശ്രദ്ധ തിരിക്കില്ലെന്നും 29കാരനായ റോഡ്രി വ്യക്തമാക്കി.
“ഞാൻ ട്രാൻസ്ഫർ വാർത്തകളെക്കുറിച്ച് അമിതമായി ചിന്തിക്കാറില്ല. എന്നാൽ ഒരു കളിക്കാരന്റെ കരാർ അവസാനിക്കാറാകുമ്പോൾ ഇത്തരം വാർത്തകൾ വരുന്നത് സ്വാഭാവികമാണ്. ഞാൻ വളരെ ശാന്തനാണ്, എന്റെ നിലപാട് എന്താണെന്ന് എനിക്ക് കൃത്യമായി അറിയാം. ഇപ്പോൾ ലോകകപ്പ് ഇല്ലായിരുന്നുവെങ്കിൽ ഒരുപക്ഷേ സാഹചര്യം മറ്റൊന്നാകുമായിരുന്നു. എന്നാൽ ലോകകപ്പ് മുന്നിൽ നിൽക്കുമ്പോൾ പൂർണ്ണ ശ്രദ്ധയോടെയിരിക്കുക എന്നത് എന്റെ ഉത്തരവാദിത്തമാണ്. ബാക്കി കാര്യങ്ങളെല്ലാം ലോകകപ്പിന് ശേഷം തീരുമാനിക്കും.”
ലോകകപ്പിൽ ഗ്രൂപ്പ് എച്ചിൽ കേപ് വെർദെ, സൗദി അറേബ്യ, ഉറുഗ്വേ എന്നിവരെ നേരിടാനൊരുങ്ങുന്ന സ്പെയിൻ ടീമിന്റെ പ്രധാന കരുത്താണ് ഈ മധ്യനിര താരം. റയൽ മാഡ്രിഡ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിൽ കൂടിയാണ് റോഡ്രിയെക്കുറിച്ചുള്ള ചർച്ചകൾ കൊഴുക്കുന്നത്. നിലവിലെ പ്രസിഡന്റ് ഫ്ലോറന്റീനോ പെരസിനെതിരെ മത്സരിക്കുന്ന സ്ഥാനാർത്ഥി എൻറിക് റിക്വെൽമെ, താൻ അധികാരത്തിൽ വന്നാൽ റോഡ്രിയെ ടീമിലെത്തിക്കുമെന്ന് തന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ പ്രഖ്യാപിച്ചതായി റിപ്പോർട്ടുകളുണ്ട്.





