
കോഴിക്കോട്: ഖത്തറില്‍ നിന്ന് മടങ്ങിയ ശേഷം കാണാതായ നാദാപുരം സ്വദേശി അനസ് തിരികെ എത്തി. ഇന്ന് പുലര്‍ച്ചെ പൊലീസ് കോഴിക്കോട് നടത്തിയ വാഹന പരിശോധനക്കിടെയാണ് ഇയാളെ കണ്ടെത്തിയത്. കുടുംബത്തോടൊപ്പമാണ് അനസിനെ കണ്ടെത്തിയത്. കുടുംബത്തോടൊപ്പം ഡല്‍ഹിയില്‍ ആയിരുന്നെന്ന് യുവാവ് പോലീസിനോട് പറഞ്ഞു.
അനസിനെ ഇന്ന് മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കും. കഴിഞ്ഞ മാസം 20ന് ഖത്തറില്‍ നിന്ന് കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഇറങ്ങിയ അനസ്സിനെ കാണാനില്ലെന്ന് മാതാവ് പരാതി നല്‍കിയിരുന്നു. തുടര്‍ന്നാണ് നാദാപുരം പോലീസ് അന്വേഷണം തുടങ്ങിയത്. അനസ് നാട്ടിലെത്തിയതിന് തൊട്ടടുത്ത ദിവസം അജ്ഞാതരായ ഒരു സംഘം ആളുകള്‍ അനസിന്റെ ഭാര്യവീട്ടിലെത്തി ഇയാളെ അന്വേഷിക്കുകയും അനസ്സ് ഒരു സാധനം ഖത്തറില്‍ നിന്നു കൊണ്ടു വന്നിട്ടുണ്ടെന്നും അതു തിരികെ വേണമെന്നും ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്നുള്ള ദിവസങ്ങളിലും അജ്ഞാതരായ പലരും അനസിനെ തേടിയെത്തി എന്നാണ് വീട്ടുകാര്‍ പറയുന്നത്. മലപ്പുറം സ്വദേശികളായ ചില ആളുകള്‍ എത്തി എന്നാണ് അനസിന്റെ മാതാവ് നല്കിയ പരാതിയില്‍ പറയുന്നത്.
സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ടുള്ള തിരോധാനമായിരിക്കാം ഇതെന്നായിരുന്നു പൊലീസിന്റെ ആദ്യ നിഗമനം. അനസ് സ്വര്‍ണവുമായി എത്തിയ ശേഷം മാറി നില്ക്കുകയാണോ എന്ന സംശയമായിരുന്നു പൊലീസിന്.





