
പേരാമ്പ്ര: ചക്കിട്ടപാറ പഞ്ചായത്തിലെ മുതുകാട് ആദിവാസി സ്ത്രീ വീട്ടിനുള്ളിൽ മരിച്ചനിലയിൽകണ്ട സംഭവം കൊലപാതകമാണെന്ന് തെളിഞ്ഞതോടെ മകനെ പോലീസ് അറസ്റ്റ് ചെയ്തു. നരേന്ദ്രദേവ് കോളനിയിലെ അമ്പലക്കുന്ന് ജാനു (55) മരിച്ച കേസിൽ മൂത്തമകൻ അനീഷിനെ (37) ആണ് പെരുവണ്ണാമൂഴി സി.ഐ. കെ. സുഷീർ, എസ്.ഐ. ആർ.സി. ബിജു എന്നിവരടങ്ങിയ അന്വേഷണസംഘം അറസ്റ്റ് ചെയ്തത്.
അനീഷ് വീട്ടിൽവെച്ച് കഴുത്ത് ഞെരിച്ചതിനെത്തുടർന്നാണ് മരണം ജാനു മരിച്ചതെന്നാണ് പോലീസ് അന്വേഷണത്തിൽ വ്യക്തമായത്. വടികൊണ്ട് അടിക്കുകയും ചെയ്തിരുന്നു. പോസ്റ്റ്മോർട്ടത്തിൽ പരിക്കുകളുണ്ടെന്ന സൂചന ലഭിച്ചതോടെയാണ് അനീഷിനെ കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യംചെയ്തത്.
അമ്മയെ ആക്രമിച്ചതായി അനീഷ് കുറ്റസമ്മതം നടത്തിയതായി പോലീസ് പറഞ്ഞു. ജാനുവും അനീഷും സ്ഥിരമായി മദ്യപിക്കാറുണ്ടെന്നും വഴക്ക് പതിവാണെന്നും പറയുന്നു. ചൊവ്വാഴ്ചയും വീട്ടിൽനിന്ന് ബഹളം കേട്ടതായി സമീപവാസികളും വ്യക്തമാക്കിയിരുന്നു. രണ്ടുവർഷംമുമ്പ് അമ്മയെ കൊടുവാൾ ഉപയോഗിച്ച് വെട്ടിപ്പരിക്കേൽപ്പിച്ച കേസിലും അനീഷ് അറസ്റ്റിലായിട്ടുണ്ട്.





