Kozhikode

പരിമിതികളെ നീന്തിത്തോൽപ്പിച്ച് മുഹമ്മദ് ആസിം; സർവ്വശ്രേഷ്ഠ ദിവ്യാങ്ജൻ ദേശീയ പുരസ്കാരം തേടിയെത്തി

Please complete the required fields.




കോഴിക്കോട്: ജന്മനാ ഇരുകൈകളുമില്ലാത്ത പരിമിതികളെ ഇച്ഛാശക്തികൊണ്ട് മറികടന്ന മുഹമ്മദ് ആസിം വെളിമണ്ണയ്ക്ക് രാജ്യത്തിന്റെ പരമോന്നത ഭിന്നശേഷി ബഹുമതിയായ ‘സർവ്വശ്രേഷ്ഠ ദിവ്യാങ്ജൻ’ ദേശീയ അവാർഡ്. ലോക ഭിന്നശേഷി ദിനമായ ഡിസംബർ മൂന്നിന് രാഷ്ട്രപതി ഭവനിൽ നടക്കുന്ന ചടങ്ങിൽ രാഷ്ട്രപതിയിൽനിന്ന് ആസിം പുരസ്കാരം ഏറ്റുവാങ്ങും.

തന്റെ നേട്ടം മാതാപിതാക്കൾക്കും നാടിനും രാജ്യത്തിനുമായി സമർപ്പിക്കുന്നതായി മുഹമ്മദ് ആസിം ഫേസ്ബുക്കിലൂടെ അറിയിച്ചു. “കൈകളില്ലാതെ ജനിച്ച എന്നെ കൈവിടാതെ ചേർത്തുപിടിച്ച എന്റെ ഉപ്പയ്ക്കും ഉമ്മയ്ക്കും കുടുംബക്കാർക്കും എന്റെ നാടിനും കേരളത്തിനും ഇന്ത്യയ്ക്കും ഈ സന്തോഷം സമർപ്പിക്കുന്നു,” ആസിം കുറിച്ചു.

കായികരംഗത്ത് നിരവധി ചരിത്രനേട്ടങ്ങൾ സ്വന്തമാക്കിയ താരമാണ് ആസിം. പെരിയാർ നീന്തിക്കടന്ന് ശ്രദ്ധേയനായ താരം, സംസ്ഥാനത്തിനായി 12 സ്വർണമെഡലുകൾ നേടിയിട്ടുണ്ട്. കൂടാതെ, ചിൽഡ്രൻസ് നോബൽ പ്രൈസ് ഫൈനലിസ്റ്റായും തിരഞ്ഞെടുക്കപ്പെട്ടിരുന്നു. 2028-ൽ അമേരിക്കയിലെ ലോസ് ആഞ്ചലസിൽ നടക്കുന്ന പാരാലിംപിക്സിലെ പാരാ സ്വിമ്മിങ് ഇനത്തിലേക്കുള്ള യോഗ്യതാ സമയം നിലവിൽ ആസിം മറികടന്നിട്ടുണ്ട്.

ഈ നേട്ടം തന്റെ മാത്രം വിജയമല്ലെന്നും തന്നെ വിശ്വസിക്കുകയും പിന്തുണയ്ക്കുകയും പ്രാർത്ഥിക്കുകയും ചെയ്ത എല്ലാവരുടെയും വിജയമാണെന്നും ആസിം ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി. തുടർന്നും എല്ലാവരുടെയും പ്രാർത്ഥനയിൽ തന്നെ ഉൾപ്പെടുത്തണമെന്നും താരം അഭ്യർത്ഥിച്ചു.

Related Articles

Back to top button