ദോഹ: സന്തോഷ് ട്രോഫി 2022 ജേതാക്കളായ കേരള ടീമിന്റെ മുന്നേറ്റ താരം നൗഫല്‍ തിരുവമ്പാടിക്കു ഖത്തറിലെ തിരുവമ്പാടി നിവാസികളുടെ കൂട്ടായ്മയായ ഖത്തര്‍ തിരുവമ്പാടി വെല്‍ഫെയര്‍ കമ്മിറ്റി (ക്യുടിഡബ്ള്യൂസി) നാളെ സ്വീകരണം നല്‍കും.
വൈകിട്ട് 6.30ന് അബു ഹമൂറിലെ സഫാരി മാളിലാണു സ്വീകരണ ചടങ്ങ്. സ്വീകരണ ചടങ്ങിനോട് അനുബന്ധിച്ചു ഫിഫ ലോകകപ്പ്-2022 ആശംസാ ഗാനവും റിലീസ് ചെയ്യും. മാപ്പിള കലാ അക്കാദമി ഖത്തറിന്റെ സഹകരണത്തോടെ മുഹ്‌സിന്‍ തളിക്കുളമാണ് ആശംസാ ഗാനം തയാറാക്കിയത്. തുടർന്നു ഖത്തറിലെ കലാകാരന്മാര്‍ അണിനിരക്കുന്ന വിവിധ കലാ പരിപാടികളും അരങ്ങേറും.
ക്യൂടിഡബ്ള്യുസിയുടെ ആഭിമുഖ്യത്തില്‍ സ്‌കൈവേ-കെന്‍സ ഗ്രൂപ്പുകള്‍ ചേര്‍ന്നാണു പരിപാടി സംഘടിപ്പിക്കുന്നത് . ഐസിബിഎഫ് ആക്ടിങ് പ്രസിഡന്റ് വിനോദ് നായര്‍, ലോക കേരള സഭാ അംഗവും പ്രവാസി സാമൂഹിക പ്രവര്‍ത്തകനുമായ അബ്ദു റൗഫ് കൊണ്ടോട്ടി , സിറ്റി എക്‌സ്‌ചേഞ്ച് സിഇഓ ഷറഫ് പി.ഹമീദ് , ക്യൂടിഡബ്ള്യുസി പ്രസിഡന്റ് ഷാജുദ്ദീന്‍ സുബൈബാസ്, കെന്‍സ ഗ്രൂപ്പ് എംഡി ഇല്ല്യാസ് ചോലക്കല്‍ ( സെക്രട്ടറി) , സ്‌കൈ വേ ഗ്രൂപ്പ് എംഡി ഷംസുദ്ദീന്‍ ( ജനറല്‍ കണ്‍വീനര്‍ ), കൊടിയത്തൂര്‍ ഏരിയ സര്‍വീസ് ഫോറം ജനറല്‍ സെക്രട്ടറി അമീന്‍ എം.എ കൊടിയത്തൂര്‍ , മാപ്പിള കലാ അക്കാദമി ഖത്തര്‍ പ്രസിഡന്റ് മുത്തലിബ് മട്ടന്നൂര്‍ തുടങ്ങി ഖത്തറിലെ സാമൂഹിക സാംസ്‌കാരിക മേഖലയിലെ പ്രമുഖര്‍ പങ്കെടുക്കും. പ്രവേശനം സൗജന്യമായിരിക്കും എന്നു ഭാരവാഹികള്‍ അറിയിച്ചു.