ദോഹ: ഈ വര്‍ഷത്തെ സന്തോഷ് ട്രോഫി കിരീടം നേടിയ കേരള ടീമിന്റെ മുന്നേറ്റ താരം നൗഫല്‍ തിരുവമ്പാടിക്ക് ഖത്തറിലെ തിരുവമ്പാടി നിവാസികളുടെ കൂട്ടായ്മയായ ഖത്തര്‍ തിരുവമ്പാടി വെല്‍ഫെയര്‍ കമ്മറ്റിയും (ക്യു.ടി.ഡബ്ല്യു.സി) സ്‌കൈ വേ ഗ്രൂപ്പും കെന്‍സ ഗ്രൂപ്പും ചേര്‍ന്ന് സ്വീകരണം നല്‍കി.
സഫാരി മാളില്‍വെച്ച് നടന്ന ചടങ്ങില്‍ ക്യു.ടി.ഡബ്ല്യു.സി ജനറല്‍ കണ്‍വീനര്‍ ഷംസുദ്ധീന്‍ സ്‌കൈ വേ സ്വാഗതം ആശംസിച്ചു. സിറ്റി എക്‌സ്‌ചേഞ്ച് സിഇഒ ഷറഫ് പി ഹമീദ് ഉദ്ഘാടനം നിര്‍വഹിച്ചു. തന്റെ ഗ്രാമത്തിലെ പരിമിതമായ സൗകര്യങ്ങള്‍ക്കിടയിലും പരാധീനതകള്‍ക്കിടയിലും കായിക ലോകത്തെ തന്റെ സ്വപ്നങ്ങള്‍ക്ക് പിറകെ ഓടി അവസാനം കേരളത്തിന്റെ അഭിമാനമുയര്‍ത്തിയ നൗഫല്‍ എല്ലാവര്‍ക്കും ഒരു മാതൃകയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കേരളത്തില്‍ മികച്ച സൗകര്യങ്ങള്‍ ഒരുക്കിയാല്‍ ഇനിയും ഒട്ടേറെ മികച്ച പ്രതിഭകളെ വാര്‍ത്തെടുക്കാമെന്നും പ്രവാസികള്‍ അതിനു മുന്നിട്ടിറങ്ങണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.
ഐസിബിഎഫ് ആക്ടിങ് പ്രസിഡന്റ് വിനോദ് നായര്‍ മുഖ്യാതിഥിയായിരുന്നു. കായിക മേഖലയുടെ ഉയരങ്ങള്‍ കീഴടക്കാന്‍ നൗഫലിന് സാധിക്കട്ടെ എന്ന് അദ്ദേഹം ആശംസിച്ചു .ക്യുടിഡബ്ല്യുസി പ്രസിഡന്റ് ഷാജുദ്ധീന്‍ സുബൈബാസ് അധ്യക്ഷത വഹിച്ചു. കേരളീയ വാദ്യ മേളങ്ങളുടെ അകമ്പടിയോടെയാണ് വേദിയിലേക്ക് ആനയിച്ച നൗഫലിനെ ഭാരവാഹികളായ സിദ്ദീക്ക് കെന്‍സ, സുനില്‍ പി എം എന്നിവര്‍ ചേര്‍ന്ന് പൊന്നാട അണിയിച്ചു സ്വീകരിച്ചു, ഖത്തര്‍ വേള്‍ഡ് കപ്പ് ഒഫീഷ്യല്‍ ഫുട്‌ബോള്‍ ആയ രിഹല നൗഫലിന് ഉപഹാരമായി നല്‍കി. തന്റെ നാടും നാട്ടുകാരും ഖത്തര്‍ പ്രവാസികളും തനിക്കു നല്‍കിയ സ്വീകരണത്തിനു നൗഫല്‍ നന്ദി രേഖപ്പെടുത്തി.
ചടങ്ങില്‍, ഖത്തറില്‍ നടക്കാനിരിക്കുന്ന ഫിഫ വേള്‍ഡ് കപ്പിന് ആശംസകള്‍ അര്‍പ്പിച്ചു സംവിധായകന്‍ മുഹ്സിന്‍ തളിക്കുളം സംവിധാനം ചെയ്ത ഗ്രീറ്റിംഗ് ഫോര്‍ ദി ഫിഫ വേള്‍ഡ് കപ്പ് 2022 എന്ന ആശംസാ ഗാനത്തിന്റ്‌റെ റിലീസിംഗ് പി എന്‍ നൗഫല്‍ നിര്‍വഹിച്ചു.