Kozhikode

ചാരായം കൈവശംവെച്ചെന്ന്‌ ആരോപിച്ച് പിടിച്ചയാളെ എക്സൈസ് ഏറ്റെടുത്തില്ല

Please complete the required fields.




താമരശ്ശേരി:ചാരായം കൈവശം വെച്ചെന്നാരോപിച്ച് കസ്റ്റഡിയിലെടുത്ത വയോധികനെയും കൊണ്ട് എക്സൈസ് ഓഫീസിനുമുന്നിൽ വനപാലകർ കഴിച്ചുകൂട്ടിയത് ഒരുരാത്രി മുഴുവൻ. പുതുപ്പാടി സെക്‌ഷൻ ഫോറസ്റ്റ് ഓഫീസിലെ വനപാലകരാണ് കസ്റ്റഡിയിലെടുത്തയാളെയുംകൊണ്ട് ചൊവ്വാഴ്ച രാത്രി ഒമ്പതുമുതൽ ബുധനാഴ്ച രാവിലെവരെ താമരശ്ശേരി എക്സൈസ് റേഞ്ച് ഓഫീസിനുമുന്നിൽ പന്ത്രണ്ടുമണിക്കൂറോളം കാത്തുകിടന്നത്.

ഒടുവിൽ എക്സൈസിലെ ഉന്നത ഉദ്യോഗസ്ഥർ രാവിലെ റേഞ്ച് ഓഫീസിലെത്തി മൊഴി രേഖപ്പെടുത്തി. ചാരായം കൈവശം വെച്ചതിന് അബ്കാരി ആക്ട് പ്രകാരം കേസ് രജിസ്റ്റർ ചെയ്തെങ്കിലും വിശദമായ അന്വേഷണത്തിനുശേഷം മാത്രം തുടർനടപടിയെടുക്കൂവെന്ന് പ്രഖ്യാപിച്ച് വയോധികനെ താത്‌കാലികമായി വിട്ടയക്കുകയായിരുന്നു.

മൈലള്ളാംപാറ ശാശ്ശേരി വർഗീസിനെ (63) ആണ് പുതുപ്പാടി കാക്കവയൽ കക്കാട് റോഡിൽവെച്ച് ചൊവ്വാഴ്ച വൈകീട്ട് ആറുമണിയോടെ പുതുപ്പാടി സെക്‌ഷൻ ഓഫീസർ പി.ടി. ബിജുവിന്റെ നേതൃത്വത്തിൽ വനപാലകർ കസ്റ്റഡിയിലെടുത്തത്. ഇയാളിൽനിന്ന് പിടിച്ചെടുത്തതെന്നുപറയുന്ന ഒരു ലിറ്ററോളം ചാരായം സഹിതം വർഗീസിനെ വനപാലകർ എക്സൈസ് ഓഫീസിലെത്തിച്ചു. എക്സൈസ് ഉദ്യോഗസ്ഥൻ നിർദേശിച്ചതനുസരിച്ച് വൈദ്യപരിശോധന നടത്തി രാത്രി ഒമ്പതോടെ കൈമാറിയെങ്കിലും എക്സൈസ് അധികൃതർ വർഗീസിനെ ഏറ്റെടുത്തില്ല. തങ്ങൾ നേരിട്ട് പിടികൂടാത്ത ആളായതിനാൽ ഉന്നതോദ്യോഗസ്ഥരുടെ അനുമതിയോടെ, തൊട്ടടുത്തദിവസം രാവിലെ മാത്രമേ കേസും ആളെയും ഏറ്റെടുക്കൂവെന്നാണ് എക്സൈസ് ഓഫീസിൽനിന്ന് അറിയിച്ചത്. നാടൻചാരായവാറ്റ് നടക്കുന്നുണ്ടെന്നുകാണിച്ച് മൂന്നുദിവസം മുമ്പുതന്നെ എക്സൈസിന് വിവരം കൈമാറിയെങ്കിലും സംയുക്തപരിശോധനയ്ക്ക് അവർ തയ്യാറാവാതിരുന്ന സാഹചര്യത്തിലാണ് രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ തങ്ങൾ തിരച്ചിൽ നടത്തിയതെന്നാണ് വനപാലകർ നൽകിയ വിശദീകരണം. കുറ്റാരോപിതനെ എക്സൈസ് ഏറ്റെടുക്കാത്ത സാഹചര്യം താമരശ്ശേരി റേഞ്ച് ഫോറസ്റ്റ് ഓഫീസർ എം.കെ. രാജീവ് കുമാർ ഉന്നത എക്സൈസ് ഉദ്യോഗസ്ഥരെയും താമരശ്ശേരി പോലീസിനെയും അറിയിച്ചെങ്കിലും ഫലമുണ്ടായില്ല.

കസ്റ്റഡിയിലെടുത്ത് മർദിച്ചുവെന്നാരോപിച്ച് കേസ് നടത്തി റേഞ്ച് ഫോറസ്റ്റ് ഓഫീസർക്കെതിരേ അടുത്തിടെ ശിക്ഷാവിധി വാങ്ങിക്കൊടുത്തയാളാണ് വർഗീസ്. അതിനാൽ ഫോറസ്റ്റ് ഓഫീസിലേക്ക് തിരികെ കൊണ്ടുപോവാതെ വനപാലകർ എക്സൈസ് ഓഫീസിനുമുന്നിൽത്തന്നെ ഇയാളെയുംകൊണ്ട് രാത്രി നിൽപ്പുറപ്പിക്കുകയായിരുന്നു.

അല്പനേരം എക്സൈസ് ഓഫീസിലും പിന്നീട് വനപാലകരുടെ വാഹനത്തിലുമാണ് വർഗീസ് രാത്രി കിടന്നുറങ്ങിയത്. ഇദ്ദേഹത്തിന്റെ ബന്ധുക്കളും സ്ഥലത്തെത്തി.

വനപാലകരുടെ പേരിൽ കേസ് കൊടുത്ത വർഗീസിനെ പ്രതികാരം തീർക്കാനാണ് ഫോറസ്റ്റ് അധികൃതർ പിടികൂടിയതെന്നാരോപിച്ച് വിവിധ കർഷകസമിതി ഭാരവാഹികളും ജനപ്രതിനിധികളും നാട്ടുകാരും പിന്നീട് എക്സൈസ് ഓഫീസിന് മുന്നിലെത്തി പ്രതിഷേധിച്ചു. വന്യമൃഗവേട്ടയുമായി ബന്ധപ്പെട്ട കേസിൽ റിമാൻഡിലായ വർഗീസിനെ റേഞ്ച് ഓഫീസിൽ വെച്ച് വനപാലകർ മർദിച്ചെന്നാരോപിച്ച് മകൻ സ്വകാര്യ അന്യായം ഫയൽ ചെയ്തിരുന്നു. ഇതിൽ മൂന്നുമാസത്തെ തടവിന് താമരശ്ശേരി ജെ.എഫ്.സി.എം. ഒന്നാം കോടതി വിധിച്ചെങ്കിലും വിധിപ്രസ്താവത്തിനെതിരേ ആർ.എഫ്.ഒ. ജില്ലാകോടതിയിൽ അപ്പീൽ നൽകുകയായിരുന്നു.

ബുധനാഴ്ച രാവിലെ ഒമ്പതരയോടെ വീണ്ടും വർഗീസിനെ ഹാജരാക്കിയെങ്കിലും ഉന്നതോദ്യോഗസ്ഥർ സ്ഥലത്തെത്തിയശേഷം മാത്രമേ തീരുമാനമെടുക്കൂവെന്ന് എക്സൈസ് ഓഫീസിലുള്ളവർ വനപാലകരെ അറിയിച്ചു. പിന്നീട് അസി. എക്സൈസ് കമ്മിഷണർമാരായ എം. സുഗുണൻ, വൈ. ഷിബു എന്നിവർ എക്സൈസ് റേഞ്ച് ഓഫീസിലെത്തി. പുതുപ്പാടി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ആയിഷക്കുട്ടി സുൽത്താൻ ഉൾപ്പെടെയുള്ളവർ ഉദ്യോഗസ്ഥരുമായി ചർച്ചനടത്തുകയും വിഷയത്തിൽ തങ്ങളുടെ നിലപാട് രേഖാമൂലം അറിയിക്കുകയും ചെയ്തു.

പിന്നീട് മൊഴി രേഖപ്പെടുത്തി വർഗീസിനെ വിട്ടയക്കുകയും അദ്ദേഹം സഞ്ചരിച്ച സ്കൂട്ടർ കസ്റ്റഡിയിലെടുക്കുകയുംചെയ്തു. തുടർന്ന്, താമരശ്ശേരി എക്സൈസ് സർക്കിൾ ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ എക്സൈസ് ഉദ്യോഗസ്ഥർ സംഭവസ്ഥലത്തെത്തി വനപാലകരുടെ സാന്നിധ്യത്തിൽ തെളിവെടുപ്പ് നടത്തി

Related Articles

Leave a Reply

Back to top button