
കൊച്ചി: വിവാഹത്തിനും വിവാഹമോചനത്തിനും എല്ലാ സമുദായത്തിനും ബാധകമായ മതേതര നിയമം കാലഘട്ടത്തിെൻറ ആവശ്യമാണെന്ന് ഹൈകോടതി. ഇതുമായി ബന്ധപ്പെട്ട് പൊതുനിയമം കൊണ്ടുവരുന്നത് പ്രയാസകരമല്ല. വ്യക്തിനിയമമനുസരിച്ച് വിവാഹിതരാവാൻ ഓരോ വ്യക്തിക്കും സ്വാതന്ത്ര്യമുണ്ടെങ്കിലും ഇത്തരമൊരു പൊതു മതേതര നിയമത്തിൽനിന്ന് ആർക്കും ഒഴിഞ്ഞുമാറാനാവില്ല. രാജ്യത്ത് നിലവിലുള്ള വിവാഹ നിയമത്തിൽ ഉടച്ചുവാർക്കലിന് സമയമായെന്നും ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് ഡോ. കൗസർ എടപ്പഗത്ത് എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.
ഭാര്യക്ക് വിവാഹമോചനം അനുവദിച്ച കുടുംബ കോടതി ഉത്തരവ് ചോദ്യം ചെയ്യുന്ന അപ്പീൽ ഹരജി തള്ളിയാണ് ഡിവിഷൻ ബെഞ്ചിെൻറ നിരീക്ഷണം. ആചാരങ്ങളാൽ ചുറ്റപ്പെട്ട സമൂഹമായതിനാൽ വിവാഹ കാര്യത്തിലും ഇത് നിലനിൽക്കുന്നതായും വ്യക്തിതാൽപര്യങ്ങൾക്ക് വലിയ പ്രാധാന്യം ഇല്ലാതെ പോകുന്നതായും കോടതി അഭിപ്രായപ്പെട്ടു. പൊങ്ങച്ചത്തിനുള്ള ഉപാധിയായി വിവാഹങ്ങൾ മാറിയതോടെ യഥാർഥ മൂല്യം വിസ്മരിക്കപ്പെടുന്നു.
അനിവാര്യ സാഹചര്യത്തിലല്ലാത്ത വിവാഹമോചനം സമൂഹം അംഗീകരിക്കാത്ത പശ്ചാത്തലത്തിൽ തയാറാക്കിയ വിവാഹനിയമമാണ് നിലവിലുള്ളത്. എന്നാൽ, വിവാഹവും മോചനവും സംബന്ധിച്ച കാര്യങ്ങളും സമൂഹ കാഴ്ചപ്പാടിൽനിന്ന് വ്യക്ത്യാധിഷ്ഠിത കാഴ്ചപ്പാടിലേക്ക് മാറി. വിവാഹമോചനം തേടി കോടതിയെ സമീപിക്കാൻ ദമ്പതികൾക്ക് ഇപ്പോൾ ഭയമില്ല. എന്നാൽ, വ്യക്തിതാൽപര്യവുമായി പൊരുത്തപ്പെടുന്നതാണോ ഇപ്പോഴത്തെ നിയമമെന്ന കാര്യത്തിൽ സംശയമുണ്ട്. വ്യക്തിയുടെ സ്വതന്ത്ര മനസ്സ് തിരിച്ചറിയാൻ മതിയായതല്ല കോടതികൾ പിന്തുടരുന്ന നിലവിലെ നീതിനിർവണ സംവിധാനമെന്ന് 12 വർഷമായി വിവാഹമോചനത്തിനായി കോടതി വഴി ശ്രമം നടത്തിയ കേസിലെ എതിർ കക്ഷിയുടെ അനുഭവം മുൻനിർത്തി കോടതി ചൂണ്ടിക്കാട്ടി.
വിവാഹം ദമ്പതികളുടെ തെരെഞ്ഞടുപ്പാെണന്ന് കരുതി ദുരിതം തെരഞ്ഞെടുക്കേണ്ട കാര്യമില്ല. വിവാഹമോചനം നിഷേധിച്ച് ദുരിതം തുടരട്ടെയെന്ന് നിർദേശിക്കാനോ അടിച്ചേൽപ്പിക്കാനോ നിയമത്തിനാവില്ല. വ്യക്തികളുടെ തീരുമാനത്തിന് മേൽകോടതികളുടെ അധികാരം പ്രയോഗിക്കുകയല്ല, സ്വന്തം ഇഷ്ടത്തിനനുസരിച്ച് തീരുമാനമെടുക്കാനുള്ള സഹായമാണ് കോടതികൾ നൽകേണ്ടത്. ഹരജിക്കാരൻ ലൈംഗിക വൈകൃതത്തിനും പണത്തിനുമായി എതിർകക്ഷിയെ പീഡിപ്പിച്ചിരുന്നുവെന്ന് വ്യക്തമാണ്. പങ്കാളിയുടെ സമ്മതമില്ലാതെയുള്ള ലൈംഗികബന്ധവും ബലാത്സംഗമാണ്. ഇന്ത്യൻ ശിക്ഷ നിയമത്തിൽ ഇത് കുറ്റമായി കാണുന്നില്ലെങ്കിലും വിവാഹമോചനത്തിന് മതിയായ കാരണമാണ്. അതിനാൽ, വ്യക്തിയുടെ ഇഷ്ടപ്രകാരം വിവാഹമോചന തീരുമാനമെടുക്കാൻ സാധ്യമാകുന്നവിധം ചട്ടക്കൂടുള്ള നിയമമാണ് വേണ്ടത്.
ദുരിതം തുടരാനാവാതെ പങ്കാളികളിലൊരാൾ വിവാഹമോചനം ആവശ്യപ്പെടുേമ്പാൾ കണക്കറ്റ നഷ്ടങ്ങളുണ്ടായേക്കാം. സ്വന്തം ഇഷ്ടപ്രകാരം തീരുമാനമെടുക്കാൻ വ്യക്തിക്ക് അനുമതി നൽകുന്ന നിയമത്തിന് ഇതുമൂലം അവർക്കുണ്ടാകുന്ന നഷ്ടങ്ങളെയും അവഗണിക്കാനാവില്ല. ദുർബലരാവുന്ന അവരെ കരുത്തോടെ തിരിച്ചു കൊണ്ടുവരാനാവണം. വിവാഹവും മോചനവും മൂലമുണ്ടാവുന്ന നഷ്ടത്തിന് സംരക്ഷണം നൽകുന്ന നിയമമാണ് വേണ്ടത്. ഇത്തരം നഷ്ടങ്ങളും നഷ്ടപരിഹാരവും സംബന്ധിച്ച കാര്യങ്ങൾ കൈകാര്യം ചെയ്യാൻ ശക്തമായ നിയമം വേണം. മനുഷ്യെൻറ പ്രശ്നങ്ങൾ മാനവികതയിലൂടെതന്നെ കൈകാര്യം ചെയ്യാൻ കഴിയുന്ന നിയമമാണ് വേണ്ടതെന്നും ഡിവിഷൻ ബെഞ്ച് ചൂണ്ടിക്കാട്ടി.