ഓൺലൈൻ തട്ടിപ്പുകാർക്ക് അക്കൗണ്ട് സഹായം; സൈബർ അന്വേഷണത്തിൽ പുറത്തു വന്നത് 3.43 ലക്ഷം രൂപയുടെ ഇടപാട്, വളയം സ്വദേശിക്കെതിരെ കേസ്

വളയം: ഓൺലൈൻ സംവിധാനങ്ങൾ ഉപയോഗിച്ച് തട്ടിപ്പ് നടത്തി അന്യായമായി പണം സമ്പാദിച്ച സംഭവത്തിൽ യുവാവിനെതിരെ വളയം പൊലീസ് കേസെടുത്തു. വളയം കുറ്റിക്കാട് മീത്തലെ വരയാലിൽ അശ്വിൻജിത്ത് എം.വി. (21) ക്കെതിരെയാണ് കേസെടുത്തത്. സൈബർ ഓപ്പറേഷൻസിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് നടപടി.
പ്രതിയുടെ കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ബാങ്ക് (കേരള ബാങ്ക്) വാണിമേൽ ശാഖയിലെ അക്കൗണ്ട് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് പുറത്തുവന്നത്. ആയഞ്ചേരി സ്വദേശിയായ അനുനന്ദ് എന്നയാളുടെ ആവശ്യപ്രകാരം പ്രതി തന്റെ ബാങ്ക് അക്കൗണ്ട് നമ്പർ നൽകുകയായിരുന്നു. ഈ അക്കൗണ്ടിലേക്ക് എത്തിയ 3,43,000 രൂപയിൽ നിന്നും 3,40,000 രൂപ ചെക്ക് ഉപയോഗിച്ച് പിൻവലിച്ച് കമ്മീഷൻ വാങ്ങി നൽകിയതായി പൊലീസ് കണ്ടെത്തി.
സംഘടിതമായി കുറ്റകൃത്യം ചെയ്തുവെന്നതിന്റെ അടിസ്ഥാനത്തിൽ ഭാരതീയ ന്യായ സംഹിത സെക്ഷൻ 112 പ്രകാരമാണ് പ്രതിക്കെതിരെ കേസെടുത്തിരിക്കുന്നത്. വളയം എസ്.ഐ. ഗിരിരാജ് ഡി.യുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തിയത്.





