Kozhikode

ജനരോഷം ഇരമ്പി; ചിറ്റാരി മല തുരക്കാൻ ഖനന മാഫിയയ്ക്ക് പോലീസ് ഒത്താശയെന്ന് ആരോപണം, വളയം സ്റ്റേഷനിലേക്ക് ബഹുജന മാർച്ച്

Please complete the required fields.




കോഴിക്കോട്: റിട്ട. ഐ.പി.എസ്. ഉദ്യോഗസ്ഥന്റെ നേതൃത്വത്തിൽ കൊച്ചി കേന്ദ്രീകരിച്ചുള്ള കരിങ്കൽ ഖനന മാഫിയയ്ക്ക് പോലീസ് ഒത്താശയെന്ന് ആരോപിച്ച് വളയം സ്റ്റേഷനിലേക്ക് ഉജ്ജ്വല ബഹുജന മാർച്ച്. യുവാക്കളും സ്ത്രീകളും ഉൾപ്പെടെ നൂറുകണക്കിന് ആളുകൾ മാർച്ചിൽ അണിനിരന്നു. പരിസ്ഥിതി ദുർബല പ്രദേശമായ വാണിമേലിലെ ചിറ്റാരി മല തുരക്കാൻ ഖനന മാഫിയയെ അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ച് സി.പി.ഐ.എം സംഘടിപ്പിച്ച ബഹുജന മാർച്ച് നാടിന്റെ രോഷമായി മാറി.

പശ്ചിമഘട്ട മലനിരകളിലെ പരിസ്ഥിതി ദുർബല പ്രദേശങ്ങളിലൊന്നായ ചിറ്റാരി മലയിൽ കരിങ്കൽ ഖനനത്തിനെതിരെ നടക്കുന്ന ജനകീയ പ്രതിഷേധത്തിൽ പങ്കെടുത്തതിന്റെ ഭാഗമായി യുവജന പ്രവർത്തകരെയും ജനപ്രതിനിധികൾ ഉൾപ്പെടെയുള്ളവരെ അറസ്റ്റ് ചെയ്ത് ജയിലിലടയ്ക്കുന്ന പോലീസ് നടപടിയിൽ സി.പി.ഐ.എം നാദാപുരം ഏരിയ കമ്മിറ്റി പ്രതിഷേധിച്ചു.

ഉരുൾപൊട്ടൽ ഭീഷണി നേരിടുന്ന ചിറ്റാരിയിൽ നൂറുകണക്കിന് കുടുംബങ്ങളെ നേരിട്ട് ബാധിക്കുന്നതാണ് കരിങ്കൽ ഖനനം. നിരവധി തവണ ഇവിടെ ഖനനത്തിന് ശ്രമിച്ചിരുന്നു. അപ്പോഴെല്ലാം ശക്തമായ ജനകീയ പ്രതിഷേധം ഉയർന്നതിനെ തുടർന്നാണ് ഖനനം നിർത്തിവയ്ക്കേണ്ടി വന്നത്. യു.ഡി.എഫ്. ഗവൺമെന്റ് അധികാരത്തിൽ വന്നതോടുകൂടി വീണ്ടും കരിങ്കൽ ഖനനത്തിനായി ഉടമകൾ രംഗത്തെത്തിയിരിക്കുകയാണ്.

മലയോരത്തിന്റെ ജനജീവിതത്തെ താറുമാറാക്കുന്ന ഖനനം നിർത്തിവയ്ക്കണമെന്നാണ് സി.പി.ഐ.എം ആവശ്യപ്പെട്ടിരിക്കുന്നത്. ഈ ആവശ്യം മുഖവിലയ്ക്കെടുക്കാതെ കരിങ്കൽ ഖനനം നടത്താനുള്ള നീക്കത്തിനെതിരെ നാട്ടുകാരുടെ ഭാഗത്തുനിന്ന് വൻ ബഹുജന പ്രക്ഷോഭം ഉയർന്നുവന്നിരിക്കുകയാണ്.

ജനകീയ പ്രക്ഷോഭത്തിൽ അണിനിരന്ന സി.പി.ഐ.എം വിലങ്ങാട് ലോക്കൽ കമ്മിറ്റി അംഗവും വാണിമേൽ പഞ്ചായത്ത് സമിതി അധ്യക്ഷനുമായ കെ.പി. രാജീവനെ വളയം പോലീസ് വീട് വളഞ്ഞ് കസ്റ്റഡിയിലെടുത്ത് ജയിലിലടയ്ക്കുകയായിരുന്നു. ചിറ്റാരി ഉന്നതിയിലെ ഡി.വൈ.എഫ്.ഐ പ്രവർത്തകരായ പുത്തൻപുരയിൽ നിഖിൽ, വാഴയിൽ ഋതുദേവ്, അക്ഷയ് എന്നിവരെ ജയിലിലടച്ചു. ഇതിന് പിന്നാലെ ഡി.വൈ.എഫ്.ഐ നാദാപുരം ബ്ലോക്ക് പ്രസിഡന്റ് സി. അഷിൽ, എക്സിക്യൂട്ടീവ് അംഗം എൻ. അതുൽ, വിലങ്ങാട് മേഖലാ സെക്രട്ടറി റസിൽ എന്നിവരെയും വളയം പോലീസ് അറസ്റ്റ് ചെയ്തു.

ജനകീയ സമരത്തെ പോലീസിനെ ഉപയോഗിച്ച് അടിച്ചമർത്താനാണ് യു.ഡി.എഫ്. ഭരണകൂടം ശ്രമിക്കുന്നതെങ്കിൽ വൻ ജനരോഷം ഉയർത്തി സി.പി.ഐ.എം പ്രതിരോധിക്കും. ചിറ്റാരിയിലെ ആദിവാസി ജനവിഭാഗം ഉൾപ്പെടെയുള്ള നൂറുകണക്കിന് കുടുംബങ്ങളുടെ ആശങ്ക പരിഹരിക്കാൻ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണം.

ചിറ്റാരിയിലെ ജനങ്ങളുടെ സുരക്ഷിതത്വം ഉറപ്പുവരുത്താൻ സി.പി.ഐ.എം മുൻപന്തിയിൽ ഉണ്ടാകും. കരിങ്കൽ ഖനനം നിർത്തിവയ്ക്കുന്നത് വരെയുള്ള പോരാട്ടത്തിന് സി.പി.ഐ.എം തീരുമാനമെടുത്തിട്ടുണ്ട്. ഈ സമരത്തിന് എല്ലാ വിഭാഗം ജനങ്ങളുടെയും പിന്തുണ ഉണ്ടാവണമെന്നും സി.പി.ഐ.എം നാദാപുരം ഏരിയ സെക്രട്ടറി എ. മോഹൻദാസ് പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

സിപിഐ എം കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ് അംഗം പിപി ചാത്തു മാർച്ച് ഉദ്ഘാടനം ചെയ്തു. വാണിമേൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ടി പ്രദീപ് കുമാർ അധ്യക്ഷനായി. സിപിഐ എം ലോക്കൽ സെക്രട്ടറി എൻപി വാസു സ്വാഗതം പറഞ്ഞു. സിപിഐ എം ഏരിയാ സെക്രട്ടറി എ മോഹൻദാസ് , സുരേഷ് കൂടത്താം കണ്ടി, വിപി കുഞ്ഞികൃഷ്ണൻ, സിഎച്ച് മോഹനൻ , കെ.പി ശ്യാമള , കെ.പി പ്രദീഷ് , എം ദിവാകരൻ ടി.പി ഗോപാലൻ മാസ്റ്റർ, ടി ദേവി തുടങ്ങിയവർ നേതൃത്വം നൽകി.

Related Articles

Back to top button