Thiruvananthapuram

ഫോണില്‍ മുഖ്യമന്ത്രി വി.ഡി.സതീശനായി ചമഞ്ഞ് ഉന്നത ഉദ്യോഗസ്ഥരെ അടക്കം പറ്റിച്ചു; റൗഡി ലിസ്റ്റിലുള്ളയാൾ അറസ്റ്റിൽ

Please complete the required fields.




തിരുവനന്തപുരം: ഏഴു മാസക്കാലം വി.ഡി.സതീശനായി മൊബൈലിലൂടെ ഭരണം നടത്തിയയാൾ ഒടുവിൽ പിടിയിലായി. വി.ഡി.സതീശൻ എന്ന പേരിൽ ഫോൺ വിളിച്ച് ഉന്നത ഉദ്യോഗസ്ഥരെ അടക്കം പറ്റിച്ചയാൾ റൗഡി ലിസ്റ്റിൽപ്പെട്ട ആളാണെന്ന് കേട്ട് പോലീസ് വരെ ഞെട്ടി.

തിരുവനന്തപുരം വെമ്പായം സ്വദേശി ഷംനാദ് ആണ് വി.ഡി.സതീശനായി നാട്ടുകാരെ പറ്റിച്ചു കൊണ്ടിരുന്നത്. പ്രതിപക്ഷ നേതാവായിരുന്ന സമയത്ത് വി.ഡി.സതീശൻ ഉപയോഗിച്ചിരുന്ന മൊബൈൽ നമ്പർ ആയുധമാക്കിയായിരുന്നു തട്ടിപ്പ്.

വി.ഡി.സതീശൻ ആ നമ്പർ ഉപയോഗിക്കാതെ വന്നതോടെ ബി.എസ്.എൻ.എൽ. അത് മറ്റൊരു സിമ്മിലേക്ക് മാറ്റി. ഷംനാദ് ഈ നമ്പർ തന്നെ വേണമെന്ന് അപേക്ഷ നൽകി വാങ്ങി. അതിനുശേഷം ആ നമ്പർ ഉപയോഗിച്ച് വിളിക്കുമ്പോൾ ഭൂരിഭാഗം പേരുടെയും ട്രൂകോളറിൽ വി.ഡി.സതീശൻ, പ്രതിപക്ഷ നേതാവ് എന്ന പേരിലായിരുന്നു കാണപ്പെടുന്നത്. അതാണ് ഷംനാദ് തട്ടിപ്പിന് ആയുധമാക്കിയത്.

വി.ഡി.സതീശന്റെ ഓഫീസിൽ നിന്നാണെന്നും പ്രൈവറ്റ് സെക്രട്ടറി ആണെന്നും ഒക്കെ പറഞ്ഞ് ഒട്ടേറെ ആളുകളെ ഫോൺ വിളിച്ചു. പോലീസിലെ ഉന്നത ഉദ്യോഗസ്ഥരും സെക്രട്ടറിയേറ്റിലെ ഉദ്യോഗസ്ഥരും എല്ലാം അങ്ങനെ ഷംനാദിന്റെ ഫോൺവിളി വിശ്വസിച്ചു.പ്രതിപക്ഷ നേതാവായിരിക്കുമ്പോള്‍ സതീശൻ ഉപയോഗിച്ച നമ്പർ അറിയാവുന്ന ചിലർ മുഖ്യമന്ത്രി അല്ലേ എന്ന് ചോദിച്ച് ഈ നമ്പറിലേക്ക് വിളിച്ച് സഹായം തേടുകയും പരാതി പറയുകയും ചെയ്തിരുന്നു.
അവരോടെല്ലാം മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി ആണെന്ന് പറഞ്ഞ് സംസാരിക്കുകയും ഉടൻ പരിഹാരം കാണാം എന്ന് വാക്ക് നൽകുകയും ചെയ്തു. ആ പരാതികൾക്ക് പരിഹാരം കാണാൻ എന്ന പേരിൽ പല സർക്കാർ ഓഫീസുകളിലേക്കും വിളിച്ച് നിർദ്ദേശവും കൊടുത്തിട്ടുണ്ട്.

ഒടുവിൽ മുഖ്യമന്ത്രിയുടെ ഓഫീസിൽ തന്നെ ഇക്കാര്യം അറിഞ്ഞു. അതോടെയാണ് പോലീസിൽ പരാതി നൽകിയത് അന്വേഷണം തുടങ്ങിയത്. മൊബൈൽ നമ്പർ പിന്തുടർന്നുള്ള അന്വേഷണത്തിലാണ് ഷംനാദ് പിടിയിലാകുന്നത്. വെമ്പായം പോലീസിന്റെ റൗഡി ലിസ്റ്റിൽപ്പെട്ടയാളാണ് ഷംനാദ്.

കന്റോൺമെന്റ് പോലീസ് തിങ്കളാഴ്ച വൈകിട്ട് ഷംനാദിനെ പിടികൂടി. വി.ഡി.സതീശൻ എന്ന പേരിൽ ഫോൺ വിളിച്ച് പണം കൈക്കലാക്കിയിട്ടുണ്ടോയെന്നും മറ്റേതെങ്കിലും തരത്തിൽ തട്ടിപ്പ് നടത്തിയിട്ടുണ്ടോ എന്നും അന്വേഷിച്ചുവരികയാണ്.

Related Articles

Back to top button