ജീവനൊടുക്കാൻ നദിയിൽ ചാടിയ യുവതിയെ മുതല കടിച്ചു; സഹായത്തിനായുള്ള നിലവിളി രക്ഷയായി, നാട്ടുകാരും പോലീസും ചേർന്ന് രക്ഷപ്പെടുത്തി

ഉടുപ്പി: ജീവനൊടുക്കുന്നതിനായി നദിയിൽ ചാടിയ യുവതിയെ മുതല കടിച്ചു. തുടർന്ന് യുവതിയുടെ നിലവിളി കേട്ട് ഓടിക്കൂടിയ നാട്ടുകാർ യുവതിയെ രക്ഷിക്കുകയായിരുന്നു. കർണാടകയിലെ കുക്കെ സുബ്രഹ്മണ്യത്തിലെ കുമാരധാര പാലത്തിന് സമീപമാണ് സംഭവം.
ബുധനാഴ്ച രാത്രിയാണ് വ്യക്തിപരമായ പ്രശ്നങ്ങളിൽ മനംനൊന്ത് യുവതി നദിയിലേക്ക് ചാടിയത്. വെള്ളത്തിൽ വീണ അവരെ ഒരു മുതല കടിച്ചതായും നിസ്സാര പരിക്കുകളേറ്റതായും പൊലീസ് പറഞ്ഞു. മുതലയുടെ ആക്രമണത്തെത്തുടർന്ന് യുവതി സഹായത്തിനായി നിലവിളിച്ചു.
ഉടനെ സമീപത്തുള്ള ലോഡ്ജിലെ ജീവനക്കാർ സുബ്രഹ്മണ്യ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി നാട്ടുകാരുടെ സഹായത്തോടെ അവരെ നദിയിൽ നിന്ന് കരയിലേക്ക് എത്തിക്കുകയായിരുന്നു.
തുടർന്ന് അവരെ ഒരു പ്രാദേശിക ആശുപത്രിയിലേക്ക് കൊണ്ടുപോയി, പ്രഥമശുശ്രൂഷ നൽകി. യുവതിക്ക് കൗൺസിലിംഗ് നൽകിയ ശേഷം പൊലീസ് അവരുടെ കുടുംബാംഗങ്ങളുടെ കൂടെ പറഞ്ഞയച്ചു. സംഭവവുമായി ബന്ധപ്പെട്ട് പരാതിയൊന്നും രജിസ്റ്റർ ചെയ്തിട്ടില്ല. കുടുംബത്തിൻ്റെ അഭ്യർത്ഥനപ്രകാരം പൊലീസ് യുവതിയുടെ ഐഡൻ്റിറ്റി പുറത്തുവിട്ടിട്ടില്ല.





