Ernakulam

കൊച്ചിയിൽ യുവനടിയും സംഘവും ഡോക്ടറെ ആക്രമിച്ച കേസിൽ വൻ ട്വിസ്റ്റ്; ഡോക്ടർക്കെതിരെ ബലാത്സംഗ കേസ്

Please complete the required fields.




കൊച്ചിയിൽ യുവനടിയും സംഘവും ഡോക്ടറെ ഫ്ലാറ്റിലേക്ക് വിളിച്ചുവരുത്തി ആക്രമിച്ച കേസിൽ വഴിത്തിരിവ്. നടിയുടെ അടുത്ത ബന്ധുവിന്റെ പരാതിയിൽ ഡോക്ടർക്കെതിരെ ബലാത്സംഗ കേസ് രജിസ്റ്റർ ചെയ്തു. ഇൻഫോ പാർക്ക് പൊലീസ് സ്റ്റേഷനിലാണ് പരാതി ലഭിച്ചത്. 41കാരനായ ഡോക്ടർ പീഡിപ്പിച്ചെന്നാണ് പരാതിയിൽ പറയുന്നത്.

ഡോക്ടറുടെ ഫോൺ സ്വിച്ച് ഓഫായതിനാൽ ബന്ധപ്പെടാൻ കഴിഞ്ഞിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. ബലാത്സംഗ പരാതിക്ക് പിന്നാലെ ഡോക്ടറെ സ്വകാര്യ ആശുപത്രി പുറത്താക്കിയതായും റിപ്പോർട്ടുണ്ട്. നടിയുടെ ബന്ധുവുമായി ഡോക്ടർക്ക് അടുപ്പമുണ്ടായിരുന്നെന്നും അതുമായി ബന്ധപ്പെട്ട തർക്കമാണ് ആക്രമണത്തിൽ കലാശിച്ചതെന്നുമാണ് കഴിഞ്ഞ ദിവസത്തെ എഫ്‌ഐആറിൽ ഉണ്ടായിരുന്നത്.

പണം നൽകാൻ നടിയും സംഘവും ആവശ്യപ്പെട്ടെന്നാണ് ഡോക്ടർ നൽകിയ പരാതിയിൽ പറയുന്നത്. അതിനിടെ സംഭവം ഹണി ട്രാപ്പ് ആണോയെന്ന് പൊലീസിന് സംശയമുണ്ടായിരുന്നു. ഡോക്ടർ നടിയുടെ ബന്ധുവിന് അയച്ച മെസേജുകളും ഫോട്ടോകളും ഉപയോഗിച്ച് ബ്ലാക്ക്‌മെയിൽ ചെയ്ത് പണം തട്ടാനാണോ ശ്രമിച്ചതെന്ന് പൊലീസ് അന്വേഷിച്ചിരുന്നു.

എന്നാൽ നടന്നത് ഹണി ട്രാപ്പ് അല്ലെന്നാണ് പൊലീസിന്റെ നിലവിലെ നിഗമനം. ഡോക്ടറുടെ ഫോണിലുണ്ടായിരുന്ന ബന്ധുവിന്റെ സ്വകാര്യ ദൃശ്യങ്ങൾ ഡിലീറ്റ് ചെയ്യാനാണ് വിളിച്ചുവരുത്തിയതെന്നും അതിനാണ് പൊന്നുരുന്നിയിലെ ഫ്ലാറ്റിലേക്ക് വരാൻ ആവശ്യപ്പെട്ടതെന്നും നടിയും സംഘവും പൊലീസിന് മൊഴി നൽകി. ഡോക്ടറുടെ രണ്ട് ഫോണും സ്‌മാർട്ട് വാച്ചും ഇയർപോഡും കൈവശപ്പെടുത്തിയതായും അവർ പറഞ്ഞു.

ഫോണുകൾ ലഭിച്ചാൽ മാത്രമേ നടി പറയുന്നതിൽ വാസ്തവമുണ്ടോയെന്ന് വ്യക്തമാകൂ എന്ന് പൊലീസ് പറയുന്നു. നടിയുടെ കൂട്ടാളിയായ ജിം ട്രെയിനറുടെ കൈവശമാണ് ഫോണുകളുള്ളത്. ഇയാൾ ഒളിവിലാണെന്നും കൂടുതൽ ചോദ്യം ചെയ്യലിലൂടെ മാത്രമേ ദുരൂഹത പൂർണമായി വ്യക്തമാകൂവെന്നും കടവന്ത്ര പൊലീസ് അറിയിച്ചു. ഡോക്ടർ നൽകിയ പരാതിയിൽ 12 പേർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. 9 പേർ കൂടി പിടിയിലാകാനുണ്ട്. ബലാത്സംഗ പരാതിക്ക് പിന്നാലെ ഡോക്ടർ ഒളിവിലാണെന്നാണ് സൂചന.

Related Articles

Back to top button