ഭാര്യയോടുള്ള പകയിൽ ഒരു കുടുംബത്തെ ഇല്ലാതാക്കി; രണ്ടുദിവസത്തിനിടെ ഏഴുപേർ കൊല്ലപ്പെട്ടു, ഏഴുവയസ്സുകാരനെയും വെറുതെവിട്ടില്ല, മൃതദേഹങ്ങൾക്കായുള്ള തിരച്ചിലിൽ പൊലീസ്

ബെംഗളൂരു: ബെംഗളൂരുവിൽ കൂട്ടക്കൊലപാതകപരമ്പര. ഭാര്യ ഉൾപ്പെടെ ഏഴുപേരെയാണ് രണ്ട് ദിവസങ്ങളിലായി ടാക്സി ഡ്രൈവർ കൊലപ്പെടുത്തിയത്. കുടുംബ വഴക്കിനെ തുടർന്ന് ഭാര്യയെയും ഭാര്യയുടെ കുടുംബത്തിലെ ഏഴുപേരെയും അതിക്രൂരമായാണ് കാബ് ഡ്രൈവർ കൊലപ്പെടുത്തിയത്.
ബെംഗളൂരു ശ്രീരാമപുരത്താണ് നാടിനെ നടുക്കിയ കൂട്ടക്കൊല നടന്നത്. സംഭവത്തിൽ രാജാജിനഗർ പൊലീസ് കാബ് ഡ്രൈവറായ ശേഖറിനെ അറസ്റ്റ് ചെയ്തു. ഇരുപത് വർഷം മുൻപാണ് ശേഖറും സുനിതയും വിവാഹിതരായത്.
സുനിത സ്വന്തം വീട്ടിലേക്ക് സ്ഥിരമായി പോകുന്നതുമായി ബന്ധപ്പെട്ട് ഇരുവരും തമ്മിൽ വഴക്ക് പതിവായിരുന്നു. പ്രശ്നപരിഹാരത്തിനായി കുടുംബാംഗങ്ങൾ ഇടപെട്ടെങ്കിലും ഫലമുണ്ടായില്ല. സുനിതയ്ക്ക് അമ്മയുടെയും സഹോദരന്മാരുടെയും പിന്തുണ ലഭിച്ചതാണ് ശേഖറിനെ പ്രകോപിപ്പിച്ചത്. ഇതോടെ ഭാര്യയുടെ കുടുംബത്തെ ഒന്നടങ്കം ഇല്ലാതാക്കാൻ ഇയാൾ തീരുമാനിക്കുകയായിരുന്നു.
വീട്ടിൽ വെച്ച് രണ്ട് ദിവസങ്ങളിലായാണ് ശേഖർ കൊലപാതകങ്ങൾ നടത്തിയത്. ആദ്യം ഭാര്യ സുനിതയെയാണ് ഇയാൾ കൊലപ്പെടുത്തിയത്. അമ്മിക്കല്ല് ഉപയോഗിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം തുണിയിൽ പൊതിഞ്ഞ് നന്ദി ഹിൽസിന് സമീപം ഉപേക്ഷിച്ചു.സംശയം തോന്നാതിരിക്കാൻ സുനിതയുടെ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്യുകയും, ഭാര്യ ഒരു യാത്ര പോയിരിക്കുകയാണെന്ന് അയൽക്കാരോട് പറയുകയും ചെയ്തു. തൊട്ടടുത്ത ദിവസം ഭാര്യാസഹോദരന്മാരായ ശിവകുമാർ, ശങ്കർ എന്നിവരെ ഇയാൾ വീട്ടിലേക്ക് വിരുന്നിനായി വിളിച്ചുവരുത്തി.
തുടർന്ന് ഇവരെയും അമ്മിക്കല്ല് ഉപയോഗിച്ച് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. പിന്നാലെ ഇവരുടെ ഭാര്യമാരായ ദിവ്യ, നളിനി, ഭാര്യാമാതാവ് രൂപാവതി, ശിവകുമാറിന്റെ ഏഴുവയസ്സുകാരനായ മകൻ പുനീത് എന്നിവരെയും ശേഖർ അതിക്രൂരമായി കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് വൃത്തങ്ങൾ വ്യക്തമാക്കി. കൊലപാതകത്തിന് ശേഷം വീട്ടിലെ രക്തക്കറകൾ രാസവസ്തുക്കൾ ഉപയോഗിച്ച് ഇയാൾ കഴുകി വൃത്തിയാക്കുകയും ചെയ്തു.
കഴിഞ്ഞ വ്യാഴാഴ്ച നളിനിയുടെ അമ്മ ശ്രീരാമപുരം പൊലീസ് സ്റ്റേഷനിൽ നൽകിയ മിസ്സിംഗ് പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന കൊലപാതക പരമ്പരയുടെ ചുരുളഴിയുന്നത്. മൃതദേഹങ്ങൾ കൊണ്ടുപോകാൻ ഉപയോഗിച്ച കാറും കൊലപാതകത്തിന് ഉപയോഗിച്ച അമ്മിക്കല്ലും പൊലീസ് കസ്റ്റഡിയിലെടുത്തു.നന്ദി ഹിൽസിന് സമീപം നടത്തിയ ഊർജ്ജിതമായ തിരച്ചിലിൽ ഏഴുവയസ്സുകാരനായ പുനീതിന്റെ മൃതദേഹം കണ്ടെത്തിയിട്ടുണ്ട്. ചിക്ക്ബെല്ലാപ്പൂരിലെ നന്ദി ഹിൽസ്, തീരദേശ കർണാടകയിലെ ചാർമാഡി ഘട്ട് തുടങ്ങിയ പല സ്ഥലങ്ങളിലായാണ് മൃതദേഹങ്ങൾ ഉപേക്ഷിച്ചതെന്ന് പ്രതി പൊലീസിനോട് പറഞ്ഞു.
ബാക്കിയുള്ളവരുടെ മൃതദേഹങ്ങൾക്കായുള്ള തിരച്ചിൽ പൊലീസ് തുടരുകയാണ്. ജനവാസ മേഖലയിലുള്ള വീട്ടിൽ ഇത്രയും കൊലപാതകങ്ങൾ നടന്നിട്ടും അയൽവാസികൾ എങ്ങനെ അറിഞ്ഞില്ലെന്നത് പൊലീസിനെ കുഴക്കുന്നുണ്ട്.
കൃത്യം നടത്താൻ പ്രതിക്ക് ആരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോ എന്ന കാര്യവും പൊലീസ് അന്വേഷിക്കുന്നുണ്ട്. കുടുംബവഴക്കിനെ തുടർന്നുള്ള മനോവിഷമമാണ് കൊലപാതകത്തിന് പ്രേരിപ്പിച്ചതെന്നാണ് പ്രതി ശേഖർ പൊലീസിന് നൽകിയിരിക്കുന്ന മൊഴി.





