Thiruvananthapuram

സുഹൃത്തിന്റെ ആഡംബര കാറിലെ യാത്ര സത്യപ്രതിജ്ഞാ ലംഘനം; കെ.എം. ഷാജിക്കെതിരെ ആഞ്ഞടിച്ച് ഡിവൈഎഫ്ഐ

Please complete the required fields.




തിരുവനന്തപുരം: മന്ത്രി കെ എം ഷാജി സുഹൃത്തിന്റെ ആഡംബര റേഞ്ച് റോവറിൽ സഞ്ചരിച്ച സംഭവത്തിൽ രൂക്ഷ വിമർശനവുമായി ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് ചിന്ത ജെറോമും സെക്രട്ടറി എം വിജിനും രംഗത്ത്.

ഒരു ക്യാബിനറ്റ് മന്ത്രിക്ക് സർക്കാർ വാഹനം നൽകാൻ പോലും മുഖ്യമന്ത്രിക്ക് കഴിയാത്ത അവസ്ഥയാണോ ഉള്ളതെന്ന് ചിന്ത ജെറോം ചോദിച്ചു. എന്തുകൊണ്ടാണ് മന്ത്രിക്ക് സ്വകാര്യ വാഹനം ഉപയോഗിക്കേണ്ടി വന്നതെന്ന് മുഖ്യമന്ത്രി വിശദീകരിക്കണം. സർക്കാരിന് പുറത്ത് നിന്നുള്ള വാഹനം മന്ത്രിമാർ ഉപയോഗിക്കണമെങ്കിൽ കൃത്യമായ മാർഗനിർദേശങ്ങളും സർക്കാർ ഉത്തരവും വേണം.

അത്തരത്തിൽ ഒരു ഉത്തരവ് ഈ വിഷയത്തിൽ ഉണ്ടായിട്ടുണ്ടോ എന്നും ചിന്ത ചോദിച്ചു. മന്ത്രിയുടെ നടപടി സത്യപ്രതിജ്ഞാ ലംഘനം തന്നെയാണെന്നും ചിന്ത ആരോപിച്ചു. ആരോടും പ്രീതിയോ അപ്രീതിയോ കൂടാതെ പ്രവർത്തിക്കും എന്നാണ് മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്യുന്നത്. എന്നാൽ ഇവിടെ സുഹൃത്ത് സൗജന്യമായി നാല് കോടിയുടെ കാർ നൽകുകയാണ്. സർക്കാർ നൽകിയ വാഹനം ഉപേക്ഷിച്ച് സുഹൃത്തിന്റെ ആഡംബര കാർ ഉപയോഗിക്കുന്നത് എന്തിന്റെ പേരിലാണ്.

എന്തെങ്കിലും ആനുകൂല്യം ചെയ്തു കൊടുത്തതിന്റെ പ്രതിഫലമായിട്ടാണോ ഈ വാഹനം ലഭിച്ചതെന്ന് അന്വേഷിക്കണമെന്നും ചിന്ത ആവശ്യപ്പെട്ടു. കേരളത്തിലെ റോഡുകളിൽ റേഞ്ച് റോവർ മാത്രമേ ഓടാവൂ എന്നാണോ മന്ത്രി കരുതുന്നതെന്നും അവർ പരിഹസിച്ചു. നാല് കോടി വിലമതിക്കുന്ന സ്വകാര്യ വാഹനം മന്ത്രി ഉപയോഗിക്കുന്നത് ദുരൂഹവും നിയമവിരുദ്ധവുമാണെന്ന് എം വിജിൻ പറഞ്ഞു.

ഈ സ്വകാര്യ വാഹനത്തിന് ലോഗ് ബുക്കുണ്ടോ? വാഹനം എവിടേക്കൊക്കെ പോകുന്നു, എന്തിനൊക്കെ ഉപയോഗിക്കുന്നു എന്നതിന് കൃത്യമായ രേഖകൾ ഉണ്ടാകുമോ? ഇക്കാര്യത്തിൽ മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണം. മന്ത്രി ഈ വാഹനം മാറ്റാൻ തയ്യാറായില്ലെങ്കിൽ ശക്തമായ പ്രതിഷേധ പരിപാടികളുമായി മുന്നോട്ട് പോകുമെന്നും വിജിൻ മുന്നറിയിപ്പ് നൽകി.

അതേസമയം വിവാദമായ റേഞ്ച് റോവർ തന്റേതല്ല, സുഹൃത്തിന്റേതാണെന്നാണ് മന്ത്രി കെ എം ഷാജിയുടെ വിശദീകരണം. സർക്കാർ അനുവദിച്ച വാഹനം കണ്ടം ചെയ്ത വണ്ടിയായതിനാലാണ് സുഹൃത്തിന്റെ വാഹനം ഉപയോഗിക്കേണ്ടി വന്നത്. സർക്കാരിന്റെ അനുമതിയോടെയാണ് വാഹനത്തിൽ 13-ാം നമ്പർ പതിച്ചതെന്നും മന്ത്രി പറഞ്ഞിരുന്നു.

Related Articles

Back to top button