Kollam

എക്സൈസ് ഉദ്യോഗസ്ഥർക്കുനേരെ ഭീഷണി, സിപിഐഎം പഞ്ചായത്ത് അംഗത്തിനെതിരെ പരാതി

Please complete the required fields.




കൊല്ലം: മദ്യലഹരിയിൽ എക്സൈസ് ഉദ്യോഗസ്ഥർക്ക് നേരെ ഭീഷണി മുഴക്കിയെന്ന് ആരോപിച്ച് സിപിഐഎം പഞ്ചായത്ത് അംഗത്തിനെതിരെ പരാതി. ആര്യങ്കാവ് പഞ്ചായത്ത് അംഗം മനു മത്തായിക്കെതിരെയാണ് എക്സൈസ് ഉദ്യോഗസ്ഥർ പോലീസിൽ പരാതി നൽകിയത്. കഴിഞ്ഞ ദിവസം രാത്രി പത്ത് മണിയോടെ ആര്യങ്കാവ് ചെക്പോസ്റ്റിലായിരുന്നു സംഭവം.

പഞ്ചായത്ത് അംഗം സഞ്ചരിച്ചിരുന്ന വാഹനം നടുറോഡിൽ യാതൊരുവിധ സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാതെയും ഗതാഗത തടസ്സമുണ്ടാക്കുന്ന രീതിയിലും നിർത്തിയിട്ടതായി എക്സൈസ് ഉദ്യോഗസ്ഥർ പറയുന്നു. ഇത് ചോദ്യം ചെയ്യുകയും വാഹനം മാറ്റിയിടാൻ ആവശ്യപ്പെടുകയും ചെയ്തതാണ് പ്രകോപനത്തിന് കാരണമായതെന്ന് ഉദ്യോഗസ്ഥർ പരാതിയിൽ പറയുന്നു.

എക്സൈസ് ഉദ്യോഗസ്ഥർ ചോദ്യം ചെയ്തതിന് പിന്നാലെ മനു മത്തായി തന്റെ പേര് മനു മത്തായിയെന്നാണെന്നും ആര്യങ്കാവ് മെമ്പറാണെന്നും പരിചയപ്പെടുത്തിയാണ് ഭീഷണിപ്പെടുത്തിയതെന്ന് ഉദ്യോഗസ്ഥർ ആരോപിക്കുന്നു. ‘കാണണോ, നിന്നെ ഞാൻ പൂട്ടിക്കും’ എന്നായിരുന്നു ഭീഷണിയെന്നും പരാതിയിൽ പറയുന്നു.

സംഭവത്തിനിടെ ഉദ്യോഗസ്ഥർ വീഡിയോ എടുക്കുന്നത് മനു ചോദ്യം ചെയ്തു. തന്റെ വീഡിയോ എന്തിനാണ് എടുക്കുന്നതെന്ന് ചോദിച്ചപ്പോൾ ഇത് തങ്ങളുടെ ഓഫീസ് പരിസരമാണെന്ന് ഉദ്യോഗസ്ഥർ മറുപടി നൽകി. സംഭവത്തിൽ എക്സൈസ് ഉദ്യോഗസ്ഥർ പോലീസിൽ പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Related Articles

Back to top button