പന്നിക്കെണിയിലെ കുരുക്ക് വയറിൽ തുളച്ചുകയറി, കണ്ണൂര് മാലൂരിലെ ജനവാസ മേഖലയില് നിന്നും മയക്കുവെടി വച്ച് പിടിച്ച പുലി ചത്തു; ആന്തരിക പരിക്കെന്ന് നിഗമനം

കണ്ണൂർ: കണ്ണൂർ മാലൂരിലെ ജനവാസമേഖലയിൽ നിന്ന് പിടികൂടിയ പുലി ചത്തു. പന്നിക്കെണിയിൽ കുടുങ്ങിയതിനെ തുടർന്ന് മയക്കുവെടി വെച്ച് പിടികൂടിയ പുലിയെയാണ് ചികിത്സയ്ക്കായി ആറളത്ത് എത്തിച്ചപ്പോൾ ചത്തത്. ആന്തരിക അവയവങ്ങൾക്കുണ്ടായ പരിക്കുകളാണ് പുലിയുടെ മരണകാരണമെന്നാണ് പ്രാഥമിക നിഗമനമെന്ന് വനംവകുപ്പ് അറിയിച്ചു. വയനാട്ടിലേക്ക് കൊണ്ടുപോകുന്നതിനിടയിൽ ആറളത്ത് ചികിത്സയ്ക്കായി എത്തിച്ചപ്പോഴാണ് പുലി ചത്തതെന്നും വനംവകുപ്പ് വ്യക്തമാക്കി.
ഇന്ന് പുലർച്ചെ മൂന്നിനാണ് കെണിയിലകപ്പെട്ട നിലയിൽ പുലിയെ കണ്ടതെന്ന് നാട്ടുകാർ പറഞ്ഞു. വീട്ടിലുണ്ടായിരുന്ന പശു നിർത്താതെ ശബ്ദം വെച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് പുലിയെ ശ്രദ്ധയിൽ പെട്ടതെന്ന് തൊട്ടടുത്ത വീട്ടുടമ അറിയിച്ചു. കെണിയിൽ വീണത് പുലി തന്നെയാണെന്ന് ഉറപ്പ് വരുത്തിയതിന് ശേഷമാണ് ഇവർ പൊലീസിനെ വിളിച്ചറിയിച്ചത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥരും വെറ്റിനറി സംഘവും രാവിലെ ഒമ്പതോടെയാണ് പുലിക്ക് നേരെ ആദ്യ മയക്കുവെടി വെച്ചത്.
ആദ്യഘട്ടത്തിൽ പുലി മയങ്ങാതിരുന്നതിനെ തുടർന്ന് ബൂസ്റ്റർ ഡോസും പിന്നീട് ആവശ്യാനുസരണം മറ്റ് ഡോസുകളും നൽകിയാണ് പുലിയെ പൂർണമായും മയക്കാനായത്. കെണിയുടെ കുരുക്ക് പുലിയുടെ വയറിന്റെ ഭാഗത്താണ് വീണിട്ടുള്ളതെന്നാണ് വിവരം.
ഇതേത്തുടർന്ന് ആന്തരികാവയവങ്ങളിലേറ്റ ചതവോ മുറിവോ ആയിരിക്കാം മരണകാരണമെന്നാണ് ആരോഗ്യ വിദഗ്ധരുടെ അഭിപ്രായം. സംഭവത്തിൽ കെണി വെച്ചയാളെ കണ്ടെത്തി പ്രതിചേർക്കുമെന്ന് വനംവകുപ്പ് അറിയിച്ചു. കെണി വെച്ചയാൾക്കെതിരെയും സ്ഥലമുടമയ്ക്കെതിരെയും വനംവകുപ്പ് കേസെടുക്കാനാണ് സാധ്യതയെന്നും അധികൃതർ പറഞ്ഞു. വനാതിർത്തിയോട് ചേർന്നുള്ള പ്രദേശങ്ങളിൽ ഇത്തരം കെണികൾ സ്ഥാപിക്കുന്നത് നിയമവിരുദ്ധമാണെന്നും കർശന നടപടി സ്വീകരിക്കുമെന്നും വനംവകുപ്പ് അറിയിച്ചു.




