ഇക്കരെ കൊട്ടിയൂർ ആയില്യാർ കാവിലെ വിവാദ മരംമുറി; ‘ഉദ്യോഗസ്ഥരെ ബലിയാടാക്കി യഥാർത്ഥ ഉത്തരവാദികൾ ഒഴിഞ്ഞുമാറരുത്’, പ്രതിഷേധവുമായി ഭക്തസംഘം

കൊട്ടിയൂർ : ഇക്കരെ കൊട്ടിയൂർ ക്ഷേത്ര പരിസരത്തെ ആയില്യാർ കാവിലെ വിവാദ മരംമുറിയുമായി ബന്ധപ്പെട്ട് കൊട്ടിയൂർ പെരുമാൾ നെയ്യമൃത് ഭക്തസംഘത്തിന്റെ ആഭിമുഖ്യത്തിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. ക്ഷേത്ര ആചാരങ്ങളും പാരമ്പര്യങ്ങളും കർശനമായി സംരക്ഷിക്കപ്പെടണമെന്നും കാവിന്റെ പരിശുദ്ധിയും സ്വാഭാവിക തനിമയും തകർക്കുന്ന നടപടികൾ ഒരുതരത്തിലും അംഗീകരിക്കാനാവില്ലെന്നും യോഗം വ്യക്തമാക്കി.
പൊതുജനങ്ങൾക്ക് പ്രവേശനം നിഷിദ്ധമായ ആയില്യാർ കാവിൽ അതിക്രമിച്ച് കയറി നടത്തിയ മരംമുറി ഗുരുതരമായ ആചാരലംഘനമാണെന്നും കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും ഭക്തസംഘം ആവശ്യപ്പെട്ടു. വിഷയത്തിൽ തൃപ്തികരമായ വിശദീകരണം നൽകാൻ ദേവസ്വത്തിന് ബാധ്യതയുണ്ടെന്നും ഉദ്യോഗസ്ഥരെ മാത്രം ബലിയാടാക്കി യഥാർത്ഥ ഉത്തരവാദികൾ ഒഴിഞ്ഞുമാറാനുള്ള നീക്കം അനുവദിക്കില്ലെന്നും പ്രതിഷേധക്കാർ ചൂണ്ടിക്കാട്ടി.
പ്രമുഖ സാഹിത്യകാരനും പ്രഭാഷകനുമായ സന്തോഷ് ഇല്ലോളിൽ പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്തു. ആചാരപരമായും പാരിസ്ഥിതികമായും അതീവ പ്രാധാന്യമുള്ള ആയില്യാർ കാവിൽ നടന്ന മരംമുറിക്ക് പിന്നിൽ വാണിജ്യതാൽപര്യങ്ങളാണെന്ന് അദ്ദേഹം ആരോപിച്ചു. ഭക്തസംഘം ജനറൽ സെക്രട്ടറി എം.ആർ. രജീഷ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.വി. രാമചന്ദ്രൻ മാസ്റ്റർ സ്വാഗതം ആശംസിച്ചു. പ്രമുഖ ആധ്യാത്മിക പ്രഭാഷകൻ പി.എസ്. മോഹനൻ കൊട്ടിയൂർ മുഖ്യപ്രഭാഷണം നടത്തി.
സംഭവത്തിൽ പ്രതിഷേധിച്ച് നേരത്തെ സെപ്റ്റംബർ 18-ന് ചേർന്ന അടിയന്തര യോഗത്തിന്റെ തീരുമാനപ്രകാരം കേരള ഹൈക്കോടതി നിയോഗിച്ച കമ്മീഷണർ അഡ്വ. കെ.ബി. പ്രദീപ്കുമാറിന് വിശദമായ പരാതി നേരിട്ട് സമർപ്പിച്ചതായും ഭാരവാഹികൾ അറിയിച്ചു. ചടങ്ങിൽ വില്ലിപ്പാലൻ മാധവക്കുറുപ്പ്, സംഗീത് മഠത്തിൽ എന്നിവർ സംസാരിച്ചു. പി.പി. മാധവൻ നമ്പ്യാർ നിള്ളങ്ങൾ നന്ദി രേഖപ്പെടുത്തി. നിരവധി ഭക്തജനങ്ങളും ക്ഷേത്ര സ്ഥാനികരും നാട്ടുകാരും പ്രതിഷേധ കൂട്ടായ്മയിൽ അണിനിരന്നു.





