Kozhikode

കോഴിക്കോട്ട് തദ്ദേശ പൂക്കളം മത്സരം: ഒന്നാം സമ്മാനം ഒരു ലക്ഷം രൂപ; ജില്ലയിലെ 91 തദ്ദേശ സ്ഥാപനങ്ങൾ ഒരൊറ്റ വേദിയിൽ വർണ വസന്തമൊരുക്കും

Please complete the required fields.




കോഴിക്കോട് : ഓണാഘോഷങ്ങൾക്ക് വർണ്ണപ്പകിട്ടേകി കോഴിക്കോട് ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഒരൊറ്റ വേദിയിൽ അണിനിരക്കുന്നു. സംസ്ഥാന വിനോദസഞ്ചാര വകുപ്പ്, ഡി.ടി.പി.സി. കോഴിക്കോട്, ജില്ലാ ഭരണകൂടം എന്നിവയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ‘തദ്ദേശ പൂക്കളം മത്സരം 2026’ ഓണപ്പൂക്കളുടെ അപൂർവ വർണവസന്തത്തിന് വേദിയാകും.

ജില്ലയിലെ ഗ്രാമപഞ്ചായത്തുകൾ, ബ്ലോക്ക് പഞ്ചായത്തുകൾ, മുനിസിപ്പാലിറ്റികൾ, കോഴിക്കോട് കോർപ്പറേഷൻ എന്നിവയുൾപ്പെടെ 11 ക്ലസ്റ്ററുകളിലായി 91 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഒരേസമയം മാറ്റുരയ്ക്കുന്ന മത്സരമാണിത്. ജില്ലയിലെ മുഴുവൻ തദ്ദേശ സ്ഥാപനങ്ങളെയും ഒരുമിച്ചണിനിരത്തുന്ന ഈ മത്സരം ഓണാഘോഷങ്ങളുടെ ശ്രദ്ധേയമായ ആകർഷണമാകും.

മത്സര വിജയികൾക്ക് ആകർഷകമായ സമ്മാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ഒന്നാം സ്ഥാനത്തിന് 1,00,000 രൂപയും ട്രോഫിയും, രണ്ടാം സ്ഥാനത്തിന് 50,000 രൂപയും ട്രോഫിയും മൂന്നാം സ്ഥാനത്തിന് 25,000 രൂപയും ട്രോഫിയും ലഭിക്കും. വിവിധ കാറ്റഗറികളിൽ ഒന്നും രണ്ടും മൂന്നും സ്ഥാനത്തെത്തുന്ന ടീമുകൾക്ക് പ്രത്യേക ട്രോഫിയും സർട്ടിഫിക്കറ്റും നൽകും.

മത്സരത്തിന്റെ വിധിനിർണ്ണയം സാങ്കേതിക മികവോടെയും പൂർണ സുതാര്യതയോടെയുമാണ് നടത്തുന്നത്. തത്സമയ ലൈവ് വീഡിയോ നിരീക്ഷണം, ജിയോടാഗ് ചെയ്ത ഫോട്ടോകൾ, വീഡിയോ സ്കാനിംഗ് എന്നിവയ്ക്കൊപ്പം ഫിസിക്കൽ പരിശോധനയും ഉൾപ്പെടുത്തിയാകും വിധിനിർണ്ണയം. മത്സരത്തിന്റെ മറ്റൊരു പ്രധാന പ്രത്യേകത പരിസ്ഥിതി സൗഹൃദ സമീപനമാണ്.
പ്ലാസ്റ്റിക്, കൃത്രിമ നിറങ്ങൾ, സിന്തറ്റിക് വസ്തുക്കൾ എന്നിവ പൂർണമായും ഒഴിവാക്കി 100 ശതമാനം പ്രകൃതിദത്ത വസ്തുക്കൾ ഉപയോഗിച്ചാണ് പൂക്കളങ്ങൾ ഒരുക്കേണ്ടത്. 2026 ആഗസ്റ്റ് 15 മുതൽ 21 വരെ ജെ.ഡി. എൽ.എസ്.ജി.ഡി. ഓഫീസിലാണ് മത്സരങ്ങളുടെ രജിസ്ട്രേഷൻ. 2026 ആഗസ്റ്റ് 22ന് രാവിലെ 9 മുതൽ ഉച്ചയ്ക്ക് 12 വരെയാണ് മത്സരം.

ഒരു തദ്ദേശ സ്വയംഭരണ സ്ഥാപനത്തിൽ നിന്ന് മൂന്ന് മുതൽ അഞ്ച് വരെ അംഗങ്ങൾ അടങ്ങുന്ന ടീമിനാണ് മത്സരത്തിൽ പങ്കെടുക്കാനാവുക. കോഴിക്കോടിന്റെ തദ്ദേശ സ്ഥാപനങ്ങളുടെ കൂട്ടായ്മയും സർഗാത്മകതയും പ്രകൃതിസ്നേഹവും ഒരേ വേദിയിൽ അവതരിപ്പിക്കുന്ന ‘തദ്ദേശ പൂക്കളം മത്സരം 2026’ ഓണാഘോഷങ്ങൾക്ക് പുതിയ നിറവും ആവേശവും പകരും.

Related Articles

Back to top button