Kozhikode
കോഴിക്കോട് നാദാപുരത്ത് തെരുവുനായ ആക്രമണം; നാലാം ക്ലാസ് വിദ്യാർഥിനിക്ക് ഉൾപ്പെടെ നാലുപേർക്ക് പരിക്ക്

കോഴിക്കോട്: കോഴിക്കോട് നാദാപുരത്ത് തെരുവുനായയുടെ ആക്രമണത്തിൽ നാല് പേർക്ക് പരിക്കേറ്റു. ഇന്ന് ഉച്ചയ്ക്ക് 12.30 ഓടെ നാദാപുരം പുറമേരി വിലാതപുരം മലോൽ ഭാഗത്താണ് സംഭവം ഉണ്ടായത്. ആക്രമണത്തിൽ നാലാം ക്ലാസ് വിദ്യാർഥിനി റിതു പാർവൺ, നാരായണി, ശശി, ചന്ദ്രി എന്നിവർക്കാണ് തെരുവുനായയുടെ കടിയേറ്റത്.
പരിക്കേറ്റവരെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും നില ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. പ്രദേശത്ത് തെരുവുനായ ശല്യവും ആക്രമണങ്ങളും ഇടയ്ക്കിടെ ഉണ്ടാകുന്നതായി നാട്ടുകാർ പറയുന്നു. കുട്ടികൾക്കും മുതിർന്നവർക്കും ഇതുമൂലം ഭീതിയിലാണ് കഴിയുന്നതെന്നും അവർ ചൂണ്ടിക്കാട്ടി. തെരുവുനായ്ക്കളെ നിയന്ത്രിക്കുന്നതിന് ശക്തമായ നടപടികൾ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.





