
തിരുവനന്തപുരം: തെരുവ് നായകൾക്ക് കോഴിമാലിന്യം നൽകിയ രണ്ട് പേർക്കെതിരെ ഫോർട്ട് കൊച്ചി പൊലീസ് കേസെടുത്തു. പ്രദേശത്ത് നേരത്തെ തെരുവുനായയുടെ ആക്രമണത്തിൽ ഒരു യുവതിക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു.
ഈ അപകടകരമായ സാഹചര്യത്തിന് പിന്നാലെയാണ് നാട്ടുകാർ ആശങ്ക പ്രകടിപ്പിച്ച് രംഗത്തെത്തിയത്. നായ്ക്കൾക്ക് പരസ്യമായി കോഴിമാലിന്യം വലിച്ചെറിഞ്ഞു നൽകുന്നത് പ്രദേശത്ത് വൻ തോതിൽ തെരുവ് നായ ശല്യവും വലിയ അപകടഭീഷണിയും ഉയർത്തുന്നുണ്ടെന്നും, ഇത് എത്രയും പെട്ടെന്ന് തടയണമെന്നും ആവശ്യപ്പെട്ട് നാട്ടുകാർ പൊലീസിൽ ഔദ്യോഗികമായി പരാതി സമർപ്പിക്കുകയായിരുന്നു.
ജനങ്ങളുടെ സുരക്ഷ മുൻനിർത്തി നാട്ടുകാർ നൽകിയ ഈ പരാതിയുടെയും തെളിവുകളുടെയും അടിസ്ഥാനത്തിലാണ് കുറ്റക്കാർക്കെതിരെ പൊലീസ് ഇപ്പോൾ കേസെടുത്ത് അന്വേഷണം ആരംഭിച്ചിരിക്കുന്നത്. നിയമവിരുദ്ധമായി മാലിന്യം തള്ളുന്നവർക്കെതിരെയുള്ള ഇത്തരം നടപടികൾ വരും ദിവസങ്ങളിലും കർശനമാക്കാനാണ് പൊലീസിന്റെ തീരുമാനം.
കേരളം ഇന്ന് നേരിടുന്ന ഏറ്റവും ഗൗരവമേറിയ സാമൂഹിക പ്രശ്നങ്ങളിൽ ഒന്നാണ് തെരുവുനായ്ക്കളുടെ ശല്യം. ജനവാസ മേഖലകളിലും റോഡുകളിലും അലഞ്ഞുതിരിയുന്ന നായ്ക്കളുടെ ആക്രമണം കാരണം സാധാരണക്കാരുടെ പുറത്തിറങ്ങൽ പോലും ഭയപ്പാടിലായിരിക്കുകയാണ്. കുട്ടികളും മുതിർന്നവരും അടക്കം നിരവധി പേരാണ് ദിവസേന തെരുവുനായ്ക്കളുടെ കടിയേറ്റ് ആശുപത്രികളിൽ ചികിത്സ തേടുന്നത്.
മാലിന്യങ്ങൾ റോഡരികിൽ യഥേഷ്ചം തള്ളുന്നതും തുറന്നുകിടക്കുന്ന അറവുശാല മാലിന്യങ്ങളുമാണ് നായ്ക്കൾ പെറ്റുപെരുകാനും അക്രമാസക്തമാകാനും പ്രധാന കാരണം. ഇതിനെതിരെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും സർക്കാരിന്റെയും ഭാഗത്തുനിന്ന് കർശന നടപടികൾ ഉണ്ടാകണമെന്ന് ശക്തമായ ആവശ്യമാണ് ഉയരുന്നത്.





