Pathanamthitta

2018ലെ പ്രളയത്തിൽ നിന്ന് ഒന്നും പഠിച്ചില്ല, മുഖ്യമന്ത്രി സ്ഥിതിഗതികൾ വിലയിരുത്തുന്നുണ്ട്, ആവശ്യമെങ്കിൽ കുട്ടവഞ്ചികൾ എത്തിക്കും’ – എംഎൽഎ മധു

Please complete the required fields.




പത്തനംതിട്ട: ജില്ലയിലെ മലയോര മേഖലകളിൽ പെയ്ത അതിശക്തമായ മഴയിൽ റാന്നി ടൗൺ പൂർണമായും ഒറ്റപ്പെട്ടു. പമ്പയാറിൽ ജലനിരപ്പ് അതിവേഗം ഉയരുന്നതാണ് കാരണം. ഒറ്റരാത്രി കൊണ്ടാണ് റാന്നിയുടെ സ്ഥിതി മാറിമറിഞ്ഞത്. റാന്നി – വടശ്ശേരിക്കര റോഡ് പൂർണമായും വെള്ളത്തിലായി.

ടൗണിലെ കടകളിലും വീടുകളിലും വെള്ളം കയറി. പലയിടത്തും അരപ്പൊക്കത്തിലാണ് വെള്ളം. മേഖലയിലെ വൈദ്യുതി പൂർണമായും വിച്ഛേദിച്ചു. വെള്ളം വീടുകളിലേക്ക് കയറിയതോടെ മുകൾ നിലയിലും മറ്റും അഭയം തേടിയവരെ ഫയർഫോഴ്സും രക്ഷാപ്രവർത്തകരും എത്തി സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി.

ഒറ്റപ്പെട്ടവരെ ഡിങ്കി ബോട്ടുകളിലാണ് രക്ഷപ്പെടുത്തുന്നത്. കൂടുതൽ ഡിങ്കി ബോട്ടുകൾ സ്ഥലത്തേക്ക് എത്തിക്കുന്നുണ്ട്.”2018ലെ പ്രളയത്തിന് സമാനമാണ് ഇപ്പോഴത്തെ അവസ്ഥ. പുലർച്ചെ 1:30ഓടെയാണ് സാഹചര്യം ഗുരുതരമാണെന്ന് മനസിലായത്. അരമണിക്കൂറിനുള്ളിൽ എല്ലായിടത്തും വെള്ളം കയറി” എന്ന് പ്രദേശവാസികൾ പറഞ്ഞു. വ്യാപാര സ്ഥാപനങ്ങളിലെല്ലാം വെള്ളം കയറിയിട്ടുണ്ടെന്ന് പഴകുളം മധു എം എൽ എ പറഞ്ഞു.

“പമ്പയാറിലെ മണലും ചെളിയും കൃത്യമായി നീക്കം ചെയ്യാത്തതാണ് പ്രശ്നം. 2018ലെ പ്രളയത്തിൽ നിന്ന് ഒന്നും പഠിച്ചില്ല. അനധികൃത മണ്ണ് ഖനനം നിരോധിക്കണം. ഡാമുകളിലെ ചെളിയും നീക്കണം” – എം എൽ എ ആവശ്യപ്പെട്ടു. മുഖ്യമന്ത്രി സ്ഥിതിഗതികൾ വിലയിരുത്തുന്നുണ്ടെന്നും ആവശ്യമെങ്കിൽ കുട്ടവഞ്ചികൾ എത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

വെള്ളം ഇനിയും ഒന്നര അടിയോളം ഉയരാൻ സാധ്യതയുണ്ടെന്നാണ് വ്യാപാരികളുടെ ആശങ്ക. “ഞങ്ങളുടെ വീടിന് സമീപം വെള്ളം അൽപം ഇറങ്ങുന്നുണ്ട്. പക്ഷേ ടൗണിൽ ഇനിയും ഉയരും. അതിന് ശേഷമേ താഴാൻ തുടങ്ങൂ. ഇത് ഒട്ടും പ്രതീക്ഷിച്ചതല്ല” – ഒരു വ്യാപാരി പറഞ്ഞു. റാന്നി ടൗണിലെ പല ഭാഗങ്ങളും പൂർണമായും വെള്ളത്തിനടിയിലാണ്. ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നിട്ടുണ്ട്. ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും അനാവശ്യമായി പുറത്തിറങ്ങരുതെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.

Related Articles

Back to top button