നാടിനെ കണ്ണീരിലാഴ്ത്തി ദുരന്തം; വോളിബോൾ പരിശീലനത്തിന് ശേഷം കുളിക്കാനിറങ്ങിയ പ്ലസ്വൺ വിദ്യാർഥികൾ മുങ്ങിമരിച്ചു

കോന്നി: കോന്നിയിൽ അച്ചൻകോവിലാറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് പ്ലസ്വൺ വിദ്യാർഥികൾ മുങ്ങിമരിച്ചു. കോന്നി ഐരവൺ പി.എസ്.വി.പി.എം ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികളാണ് ദാരുണമായി മരിച്ചത്.
അവധി ദിവസമായ ശനിയാഴ്ച സ്കൂളിൽ വോളിബോൾ പരിശീലനത്തിനായി എത്തിയതായിരുന്നു കുട്ടികൾ. പരിശീലനത്തിന് ശേഷം പുതിയകാവ് ക്ഷേത്രത്തിന് സമീപമുള്ള കൊടിഞ്ഞിമൂല കടവിൽ മൂന്ന് വിദ്യാർഥികൾ കുളിക്കാനിറങ്ങുകയായിരുന്നു.
കുളിക്കുന്നതിനിടെ മൂവരും അപകടത്തിൽപ്പെടുകയായിരുന്നു. അപകടത്തിൽപ്പെട്ട ഒരാളെ നാട്ടുകാർ ചേർന്ന് രക്ഷപ്പെടുത്തി. എന്നാൽ മറ്റൊരു വിദ്യാർഥിയെ ആറ്റിൽ നിന്ന് മരിച്ച നിലയിലാണ് കണ്ടെത്താൻ സാധിച്ചത്. ഗുരുതരമായ അവസ്ഥയിൽ ജീവനോടെ പുറത്തെടുത്ത മൂന്നാമത്തെ വിദ്യാർട്ടിയെ കോന്നി മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് മരണം സംഭവിച്ചത്. മരിച്ച വിദ്യാർഥികളുടെ കൂടുതൽ വിവരങ്ങൾ ഇതുവരെ ലഭ്യമായിട്ടില്ല.





