കനത്ത മഴ തുടരുന്നു; ഇടുക്കിയിലും കോട്ടയത്തും ഉരുൾപൊട്ടൽ; വീടുകൾ തകർന്നു മൂന്ന് പേർ മരിച്ചു, റെഡ് അലർട്ട് തുടരുന്നു

തൊടുപുഴ: സംസ്ഥാനത്ത് മലയോര മേഖലയിൽ പെയ്യുന്ന ശക്തമായ മഴയിൽ കനത്ത നാശം. ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളിലുണ്ടായ വിവിധ ഉരുൾപൊട്ടലുകളിൽ മൂന്നുപേർ മരിച്ചു. നിരവധി വീടുകൾ തകരുകയും ഗതാടകം സ്തംഭിക്കുകയും ചെയ്തു.
ഇടുക്കി കുടയത്തൂർ അടൂർ മലയിൽ പുലർച്ചെ രണ്ടിനുണ്ടായ ഉരുൾപൊട്ടലിൽ രവി നാരായണന്റെ ഭാര്യ സുമതിയാണ് മരിച്ചത്. രവിയുടെ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞുവീഴുകയായിരുന്നു. പരിക്കേറ്റ മകൻ രതീഷിനെ നാട്ടുകാർ രക്ഷപ്പെടുത്തി. വാഗമൺ കോലാഹലമേട്ടിൽ ലീലാമണിയുടെ വീടിനു മുകളിലേക്ക് മണ്ണിടിഞ്ഞുവീണ് വൈക്കം സ്വദേശി പ്രഭാകരൻ നായരും (72), പൂഞ്ഞാർ പയ്യാനിത്തോട്ടത്തിൽ ജോണിയുടെ മകൻ ജോസഫും മരണപ്പെട്ടു.
ജോസഫിന്റെ മാതാവ് റെജീനയ്ക്കായുള്ള തിരച്ചിൽ തുടരുകയാണ്. പമ്പ, മണിമല, മീനച്ചിൽ നദികൾ കരകവിഞ്ഞൊഴുകുന്നതിനെത്തുടർന്ന് റാന്നി ടൗൺ, ഈരാറ്റുപേട്ട, പാലാ എന്നിവിടങ്ങളിൽ വെള്ളം കയറി. കൊട്ടാരക്കര-ദിണ്ടുഗൽ ദേശീയപാത ഉൾപ്പെടെയുള്ള പ്രധാന റോഡുകളിൽ മണ്ണിടിച്ചിലുണ്ടായി ഗതാടകം തടസ്സപ്പെട്ടു.
അതിതീവ്ര മഴ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ ഇടുക്കി, കോട്ടയം, പത്തനംതിട്ട, ആലപ്പുഴ, വയനാട്, മലപ്പുറം, പാലക്കാട്, കോഴിക്കോട്, കണ്ണൂർ എന്നീ ഒമ്പത് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കിയിൽ അടിയന്തര സഹായത്തിനായി കൺട്രോൾ റൂം തുറന്നു: 04862233111, 9383463036.





