
കൊച്ചി: എറണാകുളം മുനമ്പത്ത് നിന്ന് കാണാതായ പൊലീസുകാരനെ ഒരാഴ്ചത്തെ തെരച്ചിലിനൊടുവിൽ കണ്ടെത്തി. വടക്കേക്കര പൊലീസ് സ്റ്റേഷനിലെ സിപിഒ അൻജിത്തിനെയാണ് തമിഴ്നാട് പൊള്ളാച്ചിയിൽ നിന്ന് കണ്ടെത്തിയത്.
ശനിയാഴ്ച രാവിലെയാണ് അൻജിത്ത് വീട്ടിൽ നിന്ന് പുറത്തിറങ്ങിയത്. പിന്നീട് ഇദ്ദേഹത്തെ കാണാനില്ലെന്നും ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണെന്നും കാണിച്ച് ഭാര്യ പൊലീസിൽ പരാതി നൽകിയിരുന്നു. കുടുംബ തർക്കത്തെ തുടർന്നാണ് വീടുവിട്ടിറങ്ങിയതെന്നാണ് പ്രാഥമിക വിവരം.
അൻജിത്തിനെ കാണാതായതോടെ എറണാകുളം റൂറൽ പൊലീസും വടക്കേക്കര സ്റ്റേഷനിലെ ഉദ്യോഗസ്ഥരും അന്വേഷണം ആരംഭിച്ചു. മൊബൈൽ ഫോൺ ലൊക്കേഷൻ കേന്ദ്രീകരിച്ചും ബന്ധുക്കളോടും സുഹൃത്തുക്കളോടും വിവരങ്ങൾ അന്വേഷിച്ചുമാണ് പൊലീസ് തിരച്ചിൽ നടത്തിയത്.എന്നാൽ ഫോൺ തുടർച്ചയായി സ്വിച്ച് ഓഫ് ആയിരുന്നതിനാൽ അന്വേഷണം വഴിമുട്ടി. ഇതിനിടെ അൻജിത്ത് തമിഴ്നാട്ടിലേക്ക് പോയതായി വിവരം ലഭിച്ചു. തുടർന്ന് നടത്തിയ പരിശോധനയിലാണ് പൊള്ളാച്ചിയിൽ നിന്ന് ഇയാളെ കണ്ടെത്തിയത്.
നിലവിൽ അൻജിത്ത് സുരക്ഷിതനാണെന്ന് പൊലീസ് അറിയിച്ചു. കൗൺസിലിങ്ങിന് ശേഷം ഇയാളെ കൊച്ചിയിലേക്ക് തിരികെ എത്തിക്കും. വകുപ്പുതല നടപടികളെ കുറിച്ചും പൊലീസ് ഉന്നത ഉദ്യോഗസ്ഥർ പരിശോധിക്കും. ഒരാഴ്ചയായി തിരച്ചിൽ നടത്തിയിരുന്ന കുടുംബത്തിനും സഹപ്രവർത്തകർക്കും അൻജിത്തിനെ കണ്ടെത്തിയ വിവരം ആശ്വാസമായി





