
ഗ്രേറ്റർ നോയിഡ: കാമുകിയുമായി സൗഹൃദം സ്ഥാപിച്ചതിലുള്ള വൈരാഗ്യത്തെ തുടർന്ന് സഹപ്രവർത്തകനെ യുവാവ് കുത്തിക്കൊലപ്പെടുത്തി. ഉത്തർപ്രദേശിലെ ഗ്രേറ്റർ നോയിഡയിലാണ് സംഭവം. ബറേലി സ്വദേശിയായ സുരേഷ് ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പരിക്കേറ്റ പ്രതി നരേഷിനെ പോലീസ് കസ്റ്റഡിയിലെടുത്തു.
വ്യാഴാഴ്ച രാത്രി വൈകി ഗ്രേറ്റർ നോയിഡയിലെ സിർസ സർക്കിളിന് സമീപമുള്ള സർവീസ് റോഡിലാണ് സംഭവം നടന്നത്. രണ്ടുപേർ തമ്മിൽ രൂക്ഷമായ സംഘർഷമുണ്ടാകുന്നതായി ഡയൽ-112 ലേക്ക് സന്ദേശം ലഭിച്ചതിനെ തുടർന്ന് പോലീസ് സ്ഥലത്തെത്തുമ്പോഴേക്കും പരിക്കേറ്റ ഇരുവരെയും നാട്ടുകാർ ആശുപത്രിയിൽ എത്തിച്ചിരുന്നു. എന്നാൽ ചികിത്സയിലിരിക്കെ സുരേഷ് മരണപ്പെടുകയായിരുന്നു.
ഒരു സ്വകാര്യ കമ്പനിയിലെ വ്യത്യസ്ത യൂണിറ്റുകളിൽ ജോലി ചെയ്തുവരികയായിരുന്നു സുരേഷും നരേഷും. ഇതേ കമ്പനിയിലെ ജീവനക്കാരിയായ ബോബി എന്ന യുവതിയുമായി നരേഷ് കഴിഞ്ഞ ഏഴ് വർഷമായി പ്രണയത്തിലായിരുന്നുവെന്ന് ഗ്രേറ്റർ നോയിഡ അഡീഷണൽ ഡെപ്യൂട്ടി പോലീസ് കമ്മീഷണർ സന്തോഷ് കുമാർ പറഞ്ഞു.
എന്നാൽ അടുത്തകാലത്തായി യുവതി സുരേഷുമായി സൗഹൃദത്തിലാകുകയും സംസാരിക്കാൻ തുടങ്ങുകയും ചെയ്തത് നരേഷിനെ പ്രകോപിപ്പിച്ചു. ഇരുവരും തമ്മിൽ സംസാരിക്കരുതെന്ന് നരേഷ് പലതവണ മുന്നറിയിപ്പ് നൽകിയിരുന്നെങ്കിലും സുരേഷും ബോബിയും ഇത് അവഗണിച്ചതാണ് കൊലപാതകത്തിലേക്ക് നയിച്ചത്.
സംഭവദിവസം രാത്രി സിർസ സർക്കിളിന് സമീപത്തുവെച്ച് കണ്ടുമുട്ടിയ സുരേഷും നരേഷും ഒന്നിച്ച് മദ്യപിച്ചിരുന്നു. മദ്യപാനത്തിനിടെ യുവതിയുടെ വിഷയത്തെച്ചൊല്ലി ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടാകുകയും അത് കൈയേറ്റത്തിൽ കലാശിക്കുകയുമായിരുന്നു.തുടന്ന് നരേഷ് മൂർച്ചയേറിയ ആയുധം ഉപയോഗിച്ച് സുരേഷിനെ ക്രൂരമായി ആക്രമിക്കുകയായിരുന്നു. ആക്രമണത്തിനിടെ നരേഷിനും പരിക്കേറ്റിട്ടുണ്ട്. ആശുപത്രിയിൽ ചികിത്സ നൽകിയ ശേഷമാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്.





