
പാലക്കാട് : വടക്കഞ്ചേരി-മംഗലം ഡാം റൂട്ടിലെ സ്വകാര്യ ബസ് കണ്ടക്ടർക്ക് കാർ സംഘത്തിന്റെ ക്രൂരമർദ്ദനം. പൊൻകണ്ടം സ്വദേശി പി.വി അജിക്കാണ് (52) പരിക്കേറ്റത്. ബുധനാഴ്ച വൈകിട്ട് മുടപ്പല്ലൂരിൽ നിന്ന് ബസിൽ കയറിയ യുവാവും കണ്ടക്ടറും തമ്മിൽ വാക്ക് തർക്കമുണ്ടായിരുന്നു.
ബസിനുള്ളിൽ ഉന്തും തള്ളും വരെ എത്തിയതോടെ യുവാവ് ഇറങ്ങിപ്പോയി. ഇതിന്റെ തുടർച്ചയായി ബസിൽ നിന്നിറങ്ങിയ യുവാവ് സുഹൃത്തുക്കളോടൊപ്പം കാറിലെത്തിയാണ് മംഗലം ഡാം പെട്രോൾ പമ്പിൽ വെച്ച് അജിയെ മർദ്ദിച്ചത്. മംഗലം ഡാം പെട്രോൾ പമ്പിൽ ഡീസൽ അടിച്ചു കൊണ്ടിരിക്കുമ്പോഴാണ് ആക്രമണം.
പരുക്കേറ്റ അജിയെ ആലത്തൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുൻപ് സ്ട്രോക്ക് വന്നതിനെ തുടർന്ന് മരുന്ന് കഴിച്ചു കൊണ്ടിരിക്കുകയാണ് അജി. സംഭവത്തിൽ മംഗലം ഡാം പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. ആക്രമണം നടത്തിയവർക്കെതിരെ കർശന നടപടി ആവശ്യപ്പെട്ട് കണ്ടക്ടർമാരും ഡ്രൈവർമാരും രംഗത്തെത്തി.
ഇതിന്റെ ഭാഗമായി മംഗലംഡാം റൂട്ടിൽ സ്വകാര്യ ബസ് സർവീസുകൾ നിർത്തിവെച്ച് പ്രതിഷേധ പണിമുടക്ക് നടത്തി. ബസ് ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നും അക്രമികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും ബസ് ഉടമകളുടെ സംഘടനകൾ ആവശ്യപ്പെട്ടു.





