Kerala

മര്യാദകേട് കാണിക്കുന്ന ഉദ്യോഗസ്ഥരെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് ഞങ്ങൾക്ക് അറിയാം, അത്തരക്കാർ വഴിയേ നടക്കില്ല’; വനംവകുപ്പ് ഉദ്യോഗസ്ഥരെ വെല്ലുവിളിച്ച് എം.എം മണി

Please complete the required fields.




കഞ്ഞിക്കുഴി: കഞ്ഞിക്കുഴി മേഖലയിൽ വനംവകുപ്പ് നടത്തുന്ന കുടിയിറക്കൽ നീക്കങ്ങൾക്കെതിരെ രൂക്ഷമായ ഭാഷയിൽ വനംവകുപ്പ് ഉദ്യോഗസ്ഥരെ വെല്ലുവിളിച്ച് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം.എം. മണി. സിപിഎം നഗരംപാറ ഓഫീസിലേക്ക് നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്യുന്നതിനിടെയാണ് അദ്ദേഹത്തിന്റെ വിവാദ പ്രസംഗം.

“മര്യാദകേട് കാണിക്കുന്ന ഉദ്യോഗസ്ഥരെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് ഞങ്ങൾക്ക് നന്നായി അറിയാം. അത്തരക്കാർക്ക് വഴിയേ നടക്കാൻ കഴിയില്ല” എന്ന് മണി പറഞ്ഞു. “ഉദ്യോഗസ്ഥർക്ക് വീട്ടിൽ ഭാര്യയും മക്കളും ഉണ്ടെന്ന കാര്യം ഓർക്കണം. ഞങ്ങൾ വീട്ടിൽ മടങ്ങി വരുമെന്ന് പറഞ്ഞല്ല പൊതുപ്രവർത്തനത്തിൽ ഇറങ്ങുന്നത്” എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

താമസിക്കുന്ന സ്ഥലം 150 വർഷം മുൻപ് വനമായിരുന്നുവെന്ന് പറഞ്ഞ് കുടിയൊഴിപ്പിക്കുന്ന നീക്കത്തെ മണി ശക്തമായി എതിർത്തു. “കൃഷിക്കാർ കൃഷി ചെയ്യുന്നിടത്തോ പുഴയോരത്തോ താമസിക്കുന്നിടത്തോ ഉദ്യോഗസ്ഥർ പിടിച്ചുകയറാൻ വന്നാൽ അവിടെവെച്ച് തന്നെ നേരിടേണ്ടിവരും. അത്തരം സാഹചര്യങ്ങളിൽ നിയമം മണ്ണാങ്കട്ട എന്നൊന്നും പറഞ്ഞിട്ട് കാര്യമുണ്ടാവില്ല.

അത്തരമൊരു സാഹചര്യം ഉണ്ടാക്കരുത്” എന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെയും മണി വിമർശിച്ചു. “വി.ഡി. സതീശൻ തിരുവനന്തപുരത്ത് ഇരുന്നാൽ മതി. ‘ഉമ്മാക്കി’ കാട്ടി പേടിപ്പിക്കാൻ നോക്കേണ്ട” എന്നായിരുന്നു പരിഹാസം. “ഞങ്ങളെ അടിച്ചാൽ തിരിച്ചടിക്കുമെന്ന നിലപാടാണ് ഞങ്ങൾക്കുള്ളത്. മാധ്യമങ്ങൾ ചുറ്റുമുള്ളതുകൊണ്ട് അതിനപ്പുറം കാര്യങ്ങൾ പറയുന്നില്ല” എന്നും മണി പറഞ്ഞു.

ആവശ്യമില്ലാത്ത പണികൾ വനംവകുപ്പ് ചെയ്യരുതെന്നും ഇത്തരം നീക്കങ്ങൾ തുടർന്നാൽ ആളുകളെ കൂട്ടി സെക്രട്ടേറിയറ്റിലേക്ക് മാർച്ച് നടത്താൻ മടിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മണിയുടെ പ്രസംഗം വലിയ വിവാദത്തിന് വഴിവെച്ചിട്ടുണ്ട്. വനംവകുപ്പ് ഉദ്യോഗസ്ഥരുടെ സുരക്ഷയെക്കുറിച്ചും നിയമവാഴ്ചയെക്കുറിച്ചും സമൂഹമാധ്യമങ്ങളിൽ ചർച്ചകൾ സജീവമാണ്.

Related Articles

Back to top button