വനിതാ കണ്ടക്ടറുടെ സീറ്റിൽ ഇരുന്ന് യാത്രക്കാരൻ; പിന്നാലെ തർക്കം, ഒടുവിൽ ബസ്സും ഉപേക്ഷിച്ച് ഇറങ്ങി കണ്ടക്ടർ

കൊച്ചി: വനിതാ കണ്ടക്ടറുടെ സീറ്റിൽ യാത്രക്കാരൻ ഇരുന്നതിനെ തുടർന്നുണ്ടായ തർക്കത്തിൽ കണ്ടക്ടർ ബസിൽ നിന്ന് ഇറങ്ങിപ്പോയി . കൊച്ചി വൈറ്റില ഹബ്ബിലാണ് സംഭവം . ബുധനാഴ്ച വൈകുന്നേരം നാല് മണിയോടെയായിരുന്നു സംഭവം. കലൂരിൽ നിന്ന് തൊടുപുഴയിലേക്ക് സർവീസ് നടത്തുകയായിരുന്ന കെഎസ്ആർടിസി ബസാണ് ഇതോടെ വൈറ്റില ഹബ്ബിൽ കുടുങ്ങിയത്.
കലൂരിനും വൈറ്റിലയ്ക്കും ഇടയിൽ വച്ചാണ് തർക്കത്തിന് തുടക്കം. യാത്രക്കാരിൽ ഒരാൾ വനിതാ കണ്ടക്ടർക്കായി നീക്കിവച്ച സീറ്റിൽ ഇരുന്നു. ഉടൻ തന്നെ സീറ്റിൽ നിന്ന് എഴുന്നേൽക്കാൻ കണ്ടക്ടർ ആവശ്യപ്പെട്ടു. എന്നാൽ യാത്രക്കാരൻ അത് ചെവിക്കൊണ്ടില്ല. വാക്കുതർക്കം രൂക്ഷമായതോടെ കണ്ടക്ടർ പൊലീസിനെ വിവരം അറിയിച്ചു.
തുടർന്ന് ബസ് വൈറ്റില ഹബ്ബിൽ എത്തിയപ്പോൾ യാത്രക്കാരൻ തന്നോട് അപമര്യാദയായി പെരുമാറിയെന്ന് ആരോപിച്ച് കണ്ടക്ടർ ഡ്യൂട്ടി അവസാനിപ്പിച്ച് ബസിൽ നിന്ന് ഇറങ്ങിപ്പോയി. ഇതോടെ ഡ്രൈവർക്ക് മാത്രം ബസ് ഓടിക്കാൻ സാധിക്കാത്ത സാഹചര്യം വന്നു. സംഭവത്തെ തുടർന്ന് നിരവധി യാത്രക്കാർ വൈറ്റിലയിൽ കുടുങ്ങി.
വിവരമറിഞ്ഞ് കെഎസ്ആർടിസി അധികൃതരും പൊലീസും ഉടൻ സ്ഥലത്തെത്തി. പിന്നീട് മറ്റൊരു ബസ് ക്രമീകരിച്ച് യാത്രക്കാരെയും കണ്ടക്ടറെയും അതിലേക്ക് മാറ്റി സർവീസ് പുനഃരാരംഭിച്ചു. അതേസമയം, പ്രശ്നങ്ങൾക്ക് കാരണക്കാരനായ യാത്രക്കാരൻ മറ്റൊരു ബസിൽ കയറി യാത്ര തുടർന്നു. വനിതാ ജീവനക്കാർക്കെതിരായ ഇത്തരം പെരുമാറ്റത്തിൽ കർശന നടപടി വേണമെന്നാണ് യാത്രക്കാർ ആവശ്യപ്പെടുന്നത്





