Ernakulam

പെരുമ്പാവൂരിൽ 9.219 കിലോ കഞ്ചാവുമായി രണ്ട് പേർ

Please complete the required fields.




കൊച്ചി : പെരുമ്പാവൂർ പൂപ്പാനിയിലെ വാടകവീട്ടിൽ ഒളിപ്പിച്ചിരുന്ന 9.219 കിലോ കഞ്ചാവുമായി പശ്ചിമ ബംഗാൾ സ്വദേശികളായ യുവതിയടക്കം രണ്ടുപേർ എക്സൈസിന്റെ പിടിയിലായി. പശ്ചിമ ബംഗാൾ സ്വദേശികളായ സാഹിൻ മണ്ഡൽ (26), സബികുന്നഹാർ ഖാത്തൂൺ (30) എന്നിവരെയാണ് പോലീസ് പിടികൂടിയത് .

സാഹിൻ മണ്ഡലിന്റെ സുഹൃത്തിന്റെ ഭാര്യയാണ് സബികുന്നഹാർ ഖാത്തൂൺ. വാടകവീട് കേന്ദ്രീകരിച്ച് നടന്ന കഞ്ചാവ് വിൽപ്പനയെ കുറിച്ച് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. മൂന്നാഴ്ച മുൻപാണ് ഇരുവരും പൂപ്പാനിയിലെ വാടകവീട്ടിലേക്ക് താമസം മാറിയത്. എക്സൈസ് സംഘം വീട് പരിശോധിച്ചപ്പോൾ പാക്കറ്റുകളിലാക്കി ഒളിപ്പിച്ച നിലയിലാണ് 9.219 കിലോ കഞ്ചാവ് കണ്ടെത്തിയത്.

എട്ട് വർഷത്തിലേറെയായി ഇരുവരും കേരളത്തിൽ താമസിക്കുന്നുണ്ട്. സ്ഥലം മാറിമാറി വാടകവീടെടുത്ത് താമസിച്ചാണ് ഇവർ കഞ്ചാവ് വിൽപ്പന നടത്തിയിരുന്നതെന്ന് എക്സൈസ് അറിയിച്ചു. പൊലീസിന്റെ കണ്ണുവെട്ടിക്കാനായി ഇത്തരം രീതിയാണ് ഇവർ സ്വീകരിച്ചിരുന്നത്.അറസ്റ്റിലായ സാഹിൻ മണ്ഡലിനെതിരെ നേരത്തെയും കഞ്ചാവ് കേസുകൾ ഉണ്ടെന്ന് എക്സൈസ് വ്യക്തമാക്കി. ഇയാൾ പല ജില്ലകളിലും കഞ്ചാവ് എത്തിച്ചിരുന്നതായി സംശയിക്കുന്നുണ്ട്. പ്രതികളെ എൻ.ഡി.പി.എസ്. ആക്ട് പ്രകാരം കേസെടുത്ത് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കഞ്ചാവ് എവിടെ നിന്നാണ് എത്തിച്ചതെന്നും ആർക്കൊക്കെ വിൽപ്പന നടത്തിയെന്നും ഉൾപ്പെടെയുള്ള കാര്യങ്ങളിൽ എക്സൈസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

പൂപ്പാനി, കൂവപ്പടി ഭാഗങ്ങളിൽ അടുത്തിടെ കഞ്ചാവ് വിൽപ്പന വർധിച്ചതായി പരാതികൾ ഉണ്ടായിരുന്നു. അതിന്റെ തുടർച്ചയായാണ് ഈ അറസ്റ്റെന്നും എക്സൈസ് അധികൃതർ പറഞ്ഞു.

Related Articles

Back to top button