India

വണ്‍വേ തെറ്റിച്ചെന്ന് ആരോപണം; തമിഴ്നാട്ടിൽ മലയാളി ടാക്സി ഡ്രൈവർക്ക് നേരെ പൊലീസിന്റെ ക്രൂരമർദ്ദനം

Please complete the required fields.




ചെന്നൈ: തമിഴ്‌നാട്ടിൽ വിനോദസഞ്ചാരികളുമായി എത്തിയ മലയാളി ടാക്സി ഡ്രൈവർക്ക് നേരെ പൊലീസിന്റെ ക്രൂരമർദ്ദനം. കൊല്ലം തഴുത്തല സ്വദേശി ഫെഡറിക്കിനാണ് രാമേശ്വരത്ത് വെച്ച് മർദ്ദനമേറ്റത്. കഴിഞ്ഞ ജൂണ്‍ 11നാണ് സംഭവം നടക്കുന്നത്. പത്താം തീയതി വൈകിട്ടോടെയാണ് ഫെഡറിക് തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് ഓസ്‌ട്രേലിയയില്‍ നിന്നെത്തിയ വിനോദ സഞ്ചാരികളുമായി തമിഴ്‌നാട്ടിലേക്ക് പോകുന്നത്.

വൺവേ തെറ്റിച്ചെന്നാരോപിച്ച് രാമേശ്വരം ട്രാഫിക് പൊലീസായ സത്യേന്ദ്രൻ, യുവരാജ് കുമാർ എന്നിവർ ചേർന്ന് ഇയാളെ വാഹനത്തിൽ നിന്ന് വലിച്ചിറക്കി മർദ്ദിക്കുകയായിരുന്നുവെന്നാണ് പരാതി. കാറിലും ഓട്ടോയിലും കയറ്റി മര്‍ദ്ദിച്ചെന്നും ഫെഡറിക്കിനൊപ്പമുണ്ടായിരുന്ന ഓസ്‌ട്രേലിയൻ വിനോദസഞ്ചാരികളെയും പൊലീസ് കയ്യേറ്റം ചെയ്തതായും പരാതിയുണ്ട്.

താൻ നിയമം ലംഘിച്ചിട്ടില്ലെന്ന് ദൃശ്യങ്ങൾ സഹിതം ഫെഡറിക് ചോദ്യം ചെയ്തതാണ് പൊലീസിനെ പ്രകോപിപ്പിച്ചത്. സംഭവത്തിൽ മദ്യപിച്ച് വാഹനമോടിച്ചെന്നും ദൃശ്യങ്ങൾ പ്രചരിപ്പിച്ചെന്നും കാട്ടി ഫെഡറിക്കിനെതിരെ തന്നെ പൊലീസ് കേസെടുത്തിട്ടുണ്ട്. ട്രാഫിക് നിയമ ലംഘനം നടത്തിയാല്‍ പിഴ ഇടാക്കുന്നതിന് പകരം മര്‍ദ്ദിക്കുന്നതെന്തിനെന്നും ഫെഡറിക് ചോദിക്കുന്നു. മൂഖ്യമന്ത്രി ജോസഫ് വിജയ്ക്ക് പരാതി നല്‍കാനൊരുങ്ങുകയാണ് ഫെഡറിക്. സംഭവത്തില്‍ രാമേശ്വരം പൊലീസ് കേസ് എടുത്തിട്ടുണ്ട്.

Related Articles

Back to top button