Thiruvananthapuram

വർക്കല ക്ലിഫിൽ വാക്കുതർക്കവും കത്തിക്കുത്തും; ടൂറിസ്റ്റായ യുവാവിന് പരിക്ക്, രക്ഷപ്പെടാൻ ശ്രമിച്ച അക്രമികളെ ഓടിച്ചിട്ട് പിടിച്ച് ടൂറിസം പോലീസ്

Please complete the required fields.




തിരുവനന്തപുരം: വർക്കല ക്ലിഫിൽ വിനോദസഞ്ചാരത്തിനെത്തിയ തമിഴ്‌നാട് സ്വദേശിയായ പത്തൊൻപതുകാരന് കുത്തേറ്റു. തഞ്ചാവൂർ താമരംകോട്ടൈ സ്വദേശി സുദർശനാണ് (19) ഗുരുതരമായി പരിക്കേറ്റത്. സംഭവത്തിൽ വർക്കല ഓടയം സ്വദേശികളായ മൂന്ന് പ്രതികളെ പോലീസ് പിന്തുടർന്ന് പിടികൂടി.

ഇന്നലെ രാത്രി 10.40-ഓടെ വർക്കല ഹെലിപ്പാഡ് – ക്ലിഫ് മേഖലയിലാണ് സംഭവം. സുദർശനും സുഹൃത്തുക്കളായ സതീഷ് (17), കുമുദൻ (19) എന്നിവരും നടന്നുപോകുന്നതിനിടെ പ്രതികൾ ഇവരെ തടഞ്ഞുനിർത്തുകയും വാക്കുതർക്കമുണ്ടാകുകയുമായിരുന്നു. തർക്കം രൂക്ഷമായതോടെ പ്രതികൾ മൂവരെയും ക്രൂരമായി മർദിച്ചു. ഇതിനിടെ ഒന്നാം പ്രതിയായ മുഹമ്മദ് അലി, സുദർശനെ കമ്പിവേലിയിൽ ചാരിനിർത്തി കത്തികൊണ്ട് കുത്തുകയായിരുന്നു.

വയറിന്റെ വലതുഭാഗത്തും മുതുകിലും തോളിലും കുത്തേറ്റ സുദർശനെ ആദ്യം വർക്കല താലൂക്ക് ആശുപത്രിയിലും പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. യുവാവ് ഇപ്പോൾ തീവ്രപരിചരണ വിഭാഗത്തിലാണ്.

ആക്രമണത്തിന് ശേഷം ഓടി രക്ഷപ്പെടാൻ ശ്രമിച്ച പ്രതികളായ മുഹമ്മദ് അലി, അനന്തൻ, ജെറിൻ എന്നിവരെ ടൂറിസം പോലീസ് ഒന്നര കിലോമീറ്ററോളം പിന്തുടർന്നാണ് സാഹസികമായി പിടികൂടിയത്. ഇവരെ പിന്നീട് വർക്കല പോലീസിന് കൈമാറി. ഇന്നലെ രാവിലെ തഞ്ചാവൂരിൽ നിന്ന് 14 അംഗ സംഘത്തോടൊപ്പമാണ് സുദർശനും സുഹൃത്തുക്കളും വർക്കലയിൽ വിനോദസഞ്ചാരത്തിനെത്തിയത്.

Related Articles

Back to top button