Thiruvananthapuram

കാലുകൊണ്ട് കഴുത്തുഞെരിച്ചു, ശ്വാസം കിട്ടാതെ പിടഞ്ഞ് പ്ലസ് വൺ വിദ്യാർത്ഥി; തിരുവനന്തപുരത്ത് ക്രൂരമായ റാ​ഗിങ്

Please complete the required fields.




തിരുവനന്തപുരം: കൊടുവഴന്നൂർ ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് വൺ വിദ്യാർത്ഥിക്ക് നേരെ സീനിയർ വിദ്യാർത്ഥികളുടെ ക്രൂരമായ റാഗിംഗ്. പ്ലസ് ടു വിദ്യാർത്ഥികളാണ് സഹപാഠിയെ മർദ്ദിച്ചതും ശ്വാസംമുട്ടിച്ചതും. സംഭവത്തിൽ വിദ്യാർത്ഥിയുടെ രക്ഷിതാക്കൾ നഗരൂർ പോലീസിൽ പരാതി നൽകി.

തിങ്കളാഴ്ച വൈകുന്നേരമാണ് ക്രൂരമായ സംഭവം നടന്നത്. പ്ലസ് വൺ വിദ്യാർത്ഥി സ്വന്തം ബാച്ചിനായി സോഷ്യൽ മീഡിയയിൽ ഒരു ഗ്രൂപ്പ് തുടങ്ങിയിരുന്നു. ഇത് ഡിലീറ്റ് ചെയ്യണമെന്ന് സീനിയർ വിദ്യാർത്ഥികൾ ആവശ്യപ്പെട്ടെന്നും, ഇതിനെത്തുടർന്നുണ്ടായ തർക്കമാണ് ആക്രമണത്തിൽ കലാശിച്ചതെന്നുമാണ് പ്രാഥമിക വിവരം.
ക്ലാസ് കഴിഞ്ഞ് മടങ്ങവെ സീനിയർ വിദ്യാർത്ഥികൾ പ്ലസ് വൺ വിദ്യാർത്ഥിയെ തടഞ്ഞുനിർത്തി ആക്രമിക്കുകയായിരുന്നു. ആക്രമണത്തിനിടെ പ്ലസ് ടു വിദ്യാർത്ഥികളിലൊരാൾ പ്ലസ് വൺ വിദ്യാർത്ഥിയുടെ കഴുത്ത് കാലുകൊണ്ട് ഞെരുക്കി ശ്വാസംമുട്ടിച്ചു.

വിദ്യാർത്ഥി ശ്വാസം കിട്ടാതെ പിടയുന്ന ദൃശ്യങ്ങൾ അക്രമിസംഘം തന്നെ മൊബൈലിൽ പകർത്തിയിട്ടുണ്ട്. ഈ ദൃശ്യങ്ങൾ ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. സംഭവത്തിൽ സ്കൂൾ അധികൃതരിൽ നിന്നും പോലീസ് മൊഴിയെടുത്തിട്ടുണ്ട്.
അതേസമയം റാഗിംഗ് നിയമവിരുദ്ധവും ഗുരുതരമായ കുറ്റകൃത്യവുമാണ്. കേരളത്തിൽ റാഗിംഗിനെതിരെ കർശനമായ നിയമനടപടികളാണുള്ളത്. കേരള പ്രൊഹിബിഷൻ ഓഫ് റാഗിംഗ് ആക്റ്റ്, 1998 പ്രകാരമാണ് ഇതിന് ശിക്ഷ നൽകുന്നത്.

Related Articles

Back to top button